ഗുവാഹത്തി: സംഭവ ബഹുലമായ ഒരു കലണ്ടർ വർഷത്തിന് ശേഷം പുതുവർഷത്തിലേക്ക് കടക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമും. ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനമാണ് പുതുവർഷത്തിൽ കോഹ്‌ലിപ്പടയുടെ ആദ്യ അങ്കം. മൂന്ന് ടി20 മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ശ്രീലങ്ക ഇന്ത്യയിൽ കളിക്കുന്നത്. ആദ്യ മത്സരം ഇന്ന് രാത്രി ഏഴിന് ഗുവാഹത്തി സ്റ്റേഡിയത്തിൽ ആരംഭിക്കും.
രോഹിത് ശർമ, മഹമ്മദ് ഷമി എന്നീ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന പരമ്പരയിൽ ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തും. രോഹിത് ശർമയുടെ അഭാവം മലയാളി താരം സഞ്ജു സാംസണിന് ഒരിക്കൽ കൂടി ഇന്ത്യൻ ടീമിലേക്ക് വാതിൽ തുറക്കുന്നതിന് കാരണമായി. എന്നാൽ ഇത്തവണയും ബെഞ്ചിൽ തന്നെയായിരിക്കും സഞ്ജുവിന്റെ സ്ഥാനമെന്നാണ് ലഭിക്കുന്ന സൂചന.
പരുക്കിൽ നിന്ന് മുക്തനായി മടങ്ങിയെത്തിയ ശിഖർ ധവാനൊപ്പം മികച്ച ഫോമിൽ തുടരുന്ന കെ.എൽ രാഹുൽ തന്നെയായിരിക്കും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത്. മൂന്നാം നമ്പരിൽ നായകൻ ഒരിക്കൽ കൂടി പരീക്ഷണത്തിന് ശ്രമിച്ചാൽ പന്തിനോ ദുബെയ്ക്കോ സ്ഥാനക്കയറ്റം ലഭിക്കും. ഇല്ലെങ്കിൽ കോഹ്‌ലി തന്നെയായിരിക്കും മൂന്നാം നമ്പരിൽ കളിക്കുക. വിക്കറ്റ് കീപ്പിങ്ങിൽ പന്ത് അല്ലാതൊരു മാറ്റത്തിന് മാനേജ്‌മെന്റ് തൽക്കാലം പരിഗണന നൽകുന്നില്ല. മധ്യനിരയിൽ ശ്രേയസിനായിരിക്കും ബാറ്റിങ് ഉത്തരവാദിത്വം. ദുബെയ്ക്ക് പകരം വാഷിങ്ടൺ സുന്ദർ പ്ലെയിങ് ഇലവനിൽ ജഡേജയ്ക്കൊപ്പം ഓൾറൗണ്ടറുടെ റോളിലെത്താനും സാധ്യതയുടെ.
ജസ്പ്രീത് ബുംറയ്ക്കൊപ്പം ഷാർദുൽ ഠാക്കൂറോ നവ്ദീപ് സൈനിയോ പേസ് നിയന്ത്രിക്കും. യുസ്‌വേന്ദ്ര ചാഹലും കുൽദീപ് യാദവുമാണ് ടീമിലെ സ്പിൻ ഓപ്ഷൻ. ഇതിനിടയിൽ സഞ്ജുവിന്റെയും മനീഷ് പാണ്ഡെയുടെയും സ്ഥാനം ബെഞ്ച് തന്നെയെന്ന് ഏകദേശം ഉറപ്പിക്കാം.
ഇന്ത്യൻ മധ്യനിര കരുത്തുകാട്ടുന്നതു തന്നെയാണ് ഏറ്റവും വലിയ ആശ്വാസം. റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നീ യുവതാരങ്ങൾ കഴിഞ്ഞ പരമ്പരകളിൽ ടീമിലെ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. വിൻഡീസിനെതിരായ പരമ്പരയിൽ ഉത്തരവാദിത്തത്തോടെ കളിച്ച പന്ത് തന്റെ പ്രാപ്തി തെളിയിച്ചിട്ടുണ്ട്.
മറുവശത്ത് ലസിത് മലിംഗ നയിക്കുന്ന ലങ്കൻ ടീമിൽ ഏയ്ഞ്ചലോ മാത്യൂസിന്റെ തിരിച്ചുവരവാണ് ശ്രദ്ധേയം. 18 മാസങ്ങൾക്ക് ശേഷമാണ് താരം ടീമിൽ കളിക്കാനെത്തുന്നത്. ടി 20 ലോകകപ്പ് മുന്നില്‍ കണ്ടാണ് അനുഭവസമ്പന്നനായ താരത്തെ ശ്രീലങ്ക തിരിച്ചുവിളിക്കുന്നത്. മാത്യൂസിന് പുറമെ കുശാൽ പെരേര, ധനുഷ്ക ഗുണതിലക, അവിഷ്ക ഫെർണാണ്ടോ, ധനഞ്ജയ് സിൽവ, കുശാൽ മെൻഡിസ് എന്നീ പ്രധാന താരങ്ങളും ഇന്ത്യക്കെതിരെ ഇറങ്ങും.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അസമില്‍ കലാപഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒന്നാം ടി 20 മത്സരം കനത്ത സുരക്ഷയിലാണ് നടക്കുക. സ്റ്റേഡിയത്തിലേക്ക് പേഴ്‌സ്, താക്കോല്‍, മൊബൈല്‍ ഫോണ്‍ എന്നിവ മാത്രമേ അനുവദിക്കുകയുള്ളൂ. കൂടാതെ പോസ്റ്ററുകളും ബാനറുകളുമായി സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കരുതെന്നും അസം ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രമണ്‍ ദത്ത അറിയിച്ചിട്ടുണ്ട്.