ബെംഗളൂരു: ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ഇന്ത്യയ്ക്കെതിരെ നടത്തിയ അധാര്‍മ്മികമായ ഡിആര്‍എസ് (ഡിസിഷന്‍ റിവ്യൂ സിസ്റ്റം) വിവാദമായിരുന്നു. എന്നാല്‍ ഇതേ സംഭവം ഈഡന്‍ ഗാര്‍ഡനിലാണ് വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്. ഇത്തവണ ശ്രീലങ്കന്‍ ബാറ്റ്സ്മാനായ ദില്‍റുവാന്‍ പെരേരയാണ് ഇന്ത്യയുടെ കണ്ണില്‍ പൊടിയിട്ട് ചതി കാണിച്ചത്.

57-ാം ഓവറില്‍ എല്‍ബിഡബ്ല്യൂവില്‍ കുടുങ്ങിയ പെരേര ഔട്ടാണെന്ന് അമ്പയര്‍ വിധിക്കുകയായിരുന്നു. ഉടന്‍ തന്നെ എതിരറ്റത്ത് നിന്ന രംഗണ ഹെറാത്തിനോട് അദ്ദേഹം അഭിപ്രായം ചോദിച്ചു. എന്നാല്‍ ഹെറാത്ത് കൈമലര്‍ത്തി. ഉടന്‍ തന്നെ പെരേര ഡ്രസിങ് റൂമിലേക്ക് നോക്കി അഭിപ്രായം ചോദിക്കുകയായിരുന്നു.

ഉടന്‍ തന്നെ പെരേര തിരികെ നടന്ന് റിവ്യൂവിന് ആരായുകയായിരുന്നു. റിവ്യൂവില്‍ പെരേര ഔട്ട് അല്ലെന്നാണ് വിധി വന്നത്. പിന്നീട് ദൃശ്യങ്ങള്‍ കാണിക്കുമ്പോഴാണ് ശ്രീലങ്കയുടെ ഡ്രസിങ് റൂമില്‍ നിന്നും ആരോ രണ്ട് കൈകളും ഉയര്‍ത്തി റിവ്യൂവിന് പോകാന്‍ നിര്‍ദേശിക്കുന്നതായി കണ്ടത്.

കിവീസ് കമന്റേറ്ററായ സൈമണ്‍ ഡോള്‍ തന്റെ നീരസം തുറന്നുപറയുകയും ചെയ്തു. പെരേര പുറത്തേക്ക് തന്നെയാണ് പോകേണ്ടതെന്ന് അദ്ദേഹം പറയുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ക്രിക്കറ്റ് ആരാധകരും സോഷ്യല്‍മീഡിയയില്‍ അണിനിരന്നു.

നേരത്തേ സമാനമായ പെരുമാറ്റം കാണിച്ച് സ്റ്റീവ് സ്മിത്തും നാണംകെട്ടിരുന്നു. അന്ന് ഉമേഷ് യാദവിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി പുറത്തായ സ്മിത്താണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

ഇന്ത്യന്‍ താരങ്ങള്‍ ആഘോഷം തുടങ്ങുമ്പോഴേയ്ക്കും മൈതാനം വിടാന്‍ തയ്യാറാകാതെ സ്മിത്ത് പിച്ചില്‍ നില്‍ക്കുകയായിരുന്നു. ഡിആര്‍എസിന് പോകണമോയെന്ന് ഡ്രസിങ് റൂമിലേക്ക് ആംഗ്യം കാണിച്ചു ചോദിക്കുകയും ചെയ്തു. ഉടന്‍ തന്നെ കോഹ്‌ലി ഇടപെട്ട് സ്മിത്തിനെതിരെ രംഗത്തെത്തി. അമ്പയര്‍ ഇടപെട്ടാണ് രംഗം ശാന്തമായത്.

ഡ്രസിങ് റൂമിലേക്ക് വിളിച്ച് ഡിആര്‍എസ് ഉപദേശം ചോദിച്ച സ്മിത്തിന് അഭിമുഖമായി ജഡേജയും കോഹ്‌ലിയും ചാടിവീണ് കയര്‍ത്തു. ചെയ്യുന്നത് തെറ്റാണെന്ന് കാണിച്ച് അമ്പയറും രംഗത്തെത്തിയതോടെ സ്മിത്ത് കളം വിട്ട് പുറത്തേക്ക് പോകുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ