മുംബൈ: ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ. ഫാസ്റ്റ് ബോളർ ഭുവനേശ്വർ കുമാറിനും ശിഖർ ധവാനും ബിസിസിഐ അവധി നൽകി. വിവാഹ ചടങ്ങുകൾക്കായി പോകുന്ന ഭുവനേശ്വർ കുമാർ ശേഷിക്കുന്ന 2 ടെസ്റ്റ് മത്സരങ്ങളിലും കളിക്കില്ല. നവംബര്‍ 23നാണ് ഭുവനേശ്വര്‍ കുമാറിന്റെ വിവാഹം. രണ്ടാം ടെസ്റ്റിൽ നിന്ന് മാത്രമാണ് ശിഖർ ധവാനെ ഒഴിവാക്കിയിരിക്കുന്നത്.

ഭുവനേശ്വർ കുമാറിന് പകരം ഔൾറൗണ്ടർ വിജയ് ശങ്കറിനെ ടീമിൽ ഉൾപ്പെടുത്തി. ധവാന് പകരം ആരേയും ടീമിൽ എടുത്തിട്ടില്ല. ടീമിനൊപ്പമുള്ള മുരളി വിജയിയോ, രോഹിത് ശർമ്മയോ ആയിരിക്കും ധവാന് പകരം ഓപ്പൺ ചെയ്യുക. വിജയ് ശങ്കറിന് അന്തിമ ഇലവനിൽ ഇടം ലഭിക്കാൻ സാധ്യത കുറവാണ്. ഭുവനേശ്വർ കുമാറിന് പകരം ഇശാന്ത് ശർമ്മയായിരിക്കും കളിക്കുക.

ഇന്ത്യന്‍ എ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതാണ് വിജയ് ശങ്കറിന് തുണയായത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനും സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനും വേണ്ടി ഈ ഇരുപത്തിയാറുകാരന്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ ഫിറ്റ്‌നസ് പരീക്ഷയായ യോ-യോ ടെസ്റ്റില്‍ 18.5 മാര്‍ക്കാണ് വിജയ് ശങ്കര്‍ നേടിയത്. യോ-യോ ടെസ്റ്റില്‍ പാസാകാനുള്ള ഏറ്റവും കുറഞ്ഞ മാര്‍ക്ക് 16.10 ആണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ