ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക ഫോളോ ഓണ്‍ ഒഴിവാക്കി. മൂന്നാം ദിനം കളിനിർത്തുന്പോൾ ലങ്ക 356/9 എന്ന നിലയിലാണ്. ക്യാപ്റ്റൻ ദിനേശ് ചാണ്ഡിമൽ (147നോട്ടൗട്ട്), ആഞ്ചലോ മാത്യൂസ് (111) എന്നിവരുടെ സെഞ്ചുറികളാണ് ലങ്കയെ രക്ഷിച്ചത്.

131/3 എന്ന നിലയിലാണ് ലങ്ക നാലാം ദിനം തുടങ്ങിയത്. ഉച്ചഭക്ഷണം വരെ മാത്യൂസ്-ചാണ്ഡിമൽ സഖ്യം വിക്കറ്റ് പോകാതെ കാത്തു. ഇതിനിടെ മാത്യൂസ് സെഞ്ചുറിയും കടന്നു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 181 റണ്‍സ് കൂട്ടിച്ചേർത്തത് ലങ്കയ്ക്ക് പിടിവള്ളിയായി. മാത്യൂസ് പുറത്തായതിന് പിന്നാലെ എത്തിയ സമരവിക്രമ 33 റണ്‍സുമായി ക്യാപ്റ്റന് ഉറച്ച പിന്തുണ നൽകി. എന്നാൽ സ്കോർ 317-ൽ സമരവിക്രമ വീണു. പിന്നാലെ ലങ്കൻ വാലറ്റം തകർന്നടിഞ്ഞെങ്കിലും നായകൻ ഒരറ്റത്ത് വീഴാതെ നിന്നു. ഒരു വിക്കറ്റ് മാത്രം കൈയിലുള്ള ലങ്കയ്ക്ക് ഇന്ത്യൻ ഒന്നാം ഇന്നിംഗ്സ് സ്കോർ മറികടക്കാൻ ഇനിയും 180 റണ്‍സ് വേണം.

18 ഫോറും ഒരു സിക്സും പറത്തിയാണ് ചാണ്ഡിമൽ 147ൽ എത്തിയത്. മാത്യൂസ് 14 ഫോറും രണ്ടു സിക്സും നേടി. ഇന്ത്യയ്ക്ക് വേണ്ടി അശ്വിൻ മൂന്നും ഇഷാന്ത് ശർമ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ കോഹ്‌ലിയുടെ ഇരട്ടസെഞ്ചുറിയുടെയും ഓപ്പണര്‍ മുരളി വിജയിന്റെ സെഞ്ചുറിയുടെയും ബലത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 536 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കോഹ്‌ലി 243 ഉം മുരളി വിജയ് 155 ഉം റണ്‍സാണ് എടുത്തത്.

കനത്ത പരിസ്ഥിതി മലിനീകരണം മൂലം ഫീല്‍ഡിങ് സാധ്യമാകുന്നില്ല എന്ന ലങ്കന്‍ താരങ്ങളുടെ പരാതിയെ തുടര്‍ന്നായിരുന്നു ടീമിനെ ഡിക്ലെയര്‍ ചെയ്യിക്കാന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ