ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20യിലും ഇന്ത്യക്ക് ജയം. ഇതോടെ പരമ്പരയിലെ എല്ലാ മത്സരങ്ങളും ജയിച്ച് പരമ്പര ഇന്ത്യ തൂത്തുവാരി. രണ്ടാം ടി20യിലെപ്പോലെ ഇന്നും മികച്ച പ്രകടനം കാഴ്ച വച്ച ശ്രേയസ് അയ്യറാണ് മാൻ ഓഫ് ദ മാച്ചും മാൻ ഓഫ് ദ സീരിസും.
മൂന്നാം ടി20യിൽ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ശ്രീലങ്ക ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 16.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടി.
ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യർ അർദ്ധ സെഞ്ചുറി നേടി.ശ്രേയസ് 45 പന്തിൽ നിന്ന് ഒമ്പത് ഫോറും ഒരു സിക്സറും അടക്കം 73 റൺസ് നേടി.
ഓപ്പണിങ്ങിനിറങ്ങിയ സഞ്ചു സംസൺ 12 പന്തിൽ നിന്ന് മൂന്ന് ഫോർ അടക്കം 18 റൺസും കാപ്റ്റൻ രോഹിത് ശർമ ഒമ്പത് പന്തിൽ നിന്ന് അഞ്ച് റൺസും നേടി.
ദീപക് ഹൂഡ- 16, വെങ്കടേശ് അയ്യർ-അഞ്ച്, രവീന്ദ്ര ജഡേജ-22 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.
ലങ്കയ്ക്ക് വേണ്ടി ലഹിരു കുമാര രണ്ട് വിക്കറ്റും ചാമിക കരുണ രത്നെയും ദുഷ്മന്ത ചമീകയും ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ച് വിക്കറ്റിൽ 146 റൺസ് നേടി. തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ലങ്കയ്ക്ക് ദഷുൻ ഷനകയുടെ അവസാന ഓവറുകളിലെ പ്രകടനമാണ് റൺസ് മൂന്നക്കം തികയ്ക്കാൻ സഹായകമായത്.
അഞ്ചാമനായി ഇറങ്ങിയ ഷനക പുറത്താകാതെ 38 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സറും അടക്കം 74 റൺസ് നേടി.
ഓപ്പണിങ്ങിനിറങ്ങിയ പതും നിസങ്ക ഒരു റണ്ണെടുത്തും ധനുഷ്ക ഗുണതിലക റണ്ണൊന്നുമെടുക്കാതെയുമാണ് പുറത്തായത്. ചരിത് അസലങ്ക നാല് റണ്ണിം ജനിത് ലിയനഗെ ഒമ്പത് റൺസും നേടി.
ദിനേഷ് ചാന്ദിമാൽ 27 പന്തിൽ നിന്ന് 22 റൺസും ചാമിക കരുണ രത്നെ 19 പന്തിൽ നിന്ന് പുറത്താകാതെ 12 റൺസും നേടി.
ഇന്ത്യക്ക് വേണ്ടി ആവേശ് ഖാൻ രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജും ഹർഷൽ പട്ടേലും രവി ബിഷ്ണോയിയും ഓരോ വിക്കറ്റും നേടി.