തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിന മത്സരത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ദ്രാവിഡ് ടീമിനൊപ്പം തിരികെ ചേര്‍ന്നു.
ഇന്ത്യന്‍ ടീം പരിശീലനത്തിനായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ ദ്രാവിഡും ഒപ്പം ഉണ്ടായിരുന്നു. ഇന്ത്യയുടെ പരിശീലനം ദ്രാവിഡ് നിരീക്ഷിച്ചു. കളിക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു. മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഇന്ത്യയുടെ പ്രാക്ടീസ് സെഷനില്‍ നിന്നും വിട്ടു നിന്നു.
പരമ്പര ഇതിനകം നേടിയതിനാല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്ക് ഏവരും ഉറ്റുനോക്കുകയാണ്. ആദ്യ രണ്ട് ഏകദിനങ്ങളിലും പുറത്തിരുന്ന ഓപ്പണര്‍ ഇഷാന്‍ കിഷനും മധ്യനിര താരം സൂര്യകുമാര്‍ യാദവും പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ റെക്കോര്‍ഡ് ഇരട്ട സെഞ്ചുറി നേടിയിട്ടും ലങ്കയ്ക്ക് എതിരെ ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തിരിക്കേണ്ടിവന്ന ഇഷാന്‍ കിഷന് അവസരം നല്‍കുകയാണ് ടീം ലക്ഷ്യമിടുക. ഗുവാഹത്തിയിലും കൊല്‍ക്കത്തയിലും ഇഷാനെ കളിപ്പിക്കാതിരുന്നതില്‍ വിമര്‍ശനം ശക്തമായിരുന്നു.
മൂന്നാം രാജ്യാന്തര ട്വന്റി 20 സെഞ്ചുറി നേടിയിട്ടും ഏകദിനങ്ങളില്‍ പുറത്തിരിക്കേണ്ടിവന്ന സൂര്യകുമാര്‍ യാദവിനും നാലാം നമ്പറിലേക്കുള്ള തിരിച്ചുവരവായേക്കും തിരുവനന്തപുരത്തെ മത്സരം. രണ്ടാം ഏകദിനത്തില്‍ മാച്ച് വിന്നിംഗ് ഫിഫ്റ്റി നേടിയതോടെ കെ എല്‍ രാഹുല്‍ ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.
ടിക്കറ്റ് വില്‍പന മന്ദഗതിയില്‍
തിരുവനന്തപുരം ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പന മന്ദഗതിയില്‍ ഉച്ചവരെ അയ്യായിരത്തോളം ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. ടിക്കറ്റുനിരക്കിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ടിക്കറ്റ് വില്‍പനയെ ബാധിച്ചെന്നാണ് കെസിഎയുടെ പ്രതികരണം. ഇന്ത്യ – ശ്രീലങ്ക ഏകദിനത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് ടിക്കറ്റ് വില്‍പന അയ്യായിരത്തിലെത്തി നില്‍ക്കുന്നത്. ആകെ 37000 സീറ്റാണുള്ളത്. 23000 ടിക്കറ്റുകള്‍ വില്‍പനയ്ക്ക് വച്ചിട്ടുണ്ട്. 2000, 1000, വിദ്യാര്‍ഥികള്‍ക്ക് 500 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ 30 % നികുതിയും.