scorecardresearch
Latest News

India vs Sri Lanka: മൂന്നാം ഏകദിനം നാളെ; കപ്പ് ഉറപ്പിച്ച ഇന്ത്യ പരീക്ഷണങ്ങൾക്ക് തയ്യാറാകുമോ?

രണ്ടു മത്സരങ്ങളിലും മാറ്റമില്ലാതെ ഇറങ്ങിയ ടീമിൽ നാളെ പുതിയ പരീക്ഷണങ്ങൾ നടത്താൻ പരിശീലകൻ രാഹുൽ ദ്രാവിഡും മാനേജ്‍മെന്റും തയ്യാറാകുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്

India vs Sri Lanka: മൂന്നാം ഏകദിനം നാളെ; കപ്പ് ഉറപ്പിച്ച ഇന്ത്യ പരീക്ഷണങ്ങൾക്ക് തയ്യാറാകുമോ?

കൊളംബോ: ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ അവസാന ഏകദിനം നാളെ കൊളംബോയിൽ നടക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളിലും തകർപ്പൻ ജയം സ്വന്തമാക്കിയ ഇന്ത്യ കപ്പ് ഉറപ്പിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ രണ്ടു മത്സരങ്ങളിലും മാറ്റമില്ലാതെ ഇറങ്ങിയ ടീമിൽ നാളെ പുതിയ പരീക്ഷണങ്ങൾ നടത്താൻ പരിശീലകൻ രാഹുൽ ദ്രാവിഡും മാനേജ്‍മെന്റും തയ്യാറാകുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ആദ്യ മത്സരത്തിൽ ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ടീം ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് നേടിയത്. രണ്ടാം മത്സരത്തിൽ ദീപക് ചഹാറിന്റെ അർദ്ധ സെഞ്ചുറിയുടെ മികവിലായിരുന്നു ഇന്ത്യൻ ജയം. ദീപക് ചഹാർ പുറത്താകാതെ 69 റൺസ് നേടിയപ്പോൾ ഇന്ത്യ ശ്രീലങ്കക്കെതിരെ മൂന്ന് വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങി 43,13 എന്നിങ്ങനെ റൺസുകൾ നേടിയ പൃഥ്വി ഷാക്ക് പകരം കർണാടകയുടെ ഇടം കൈ ബാറ്റ്സ്മാൻ ദേവദത്ത് പടിക്കലിന് നാളത്തെ മത്സരത്തിൽ അവസരം ലഭിക്കുമോ എന്നതാണ് അറിയേണ്ടത്. ദേവ്ദത്തിന് പുറമെ ഋതുരാജ് ഗെയ്ക്‌വാദാണ് ഓപ്പണിങ്ങിലേക്ക് അവസരം കാത്തിരിക്കുന്ന മറ്റൊരു താരം. വീണ്ടും അവസരം ലഭിക്കുകയാണെങ്കിൽ ആദ്യ മത്സരത്തിൽ നേടാൻ കഴിയാതെ പോയ വലിയ സ്കോർ നേടാനാകും ഷായുടെ ശ്രമം.

വിക്കറ്റ് കീപ്പറായി വെടിക്കെട്ടു ബാറ്റ്‌സ്‍മാൻ ഇഷാൻ കിഷന് വീണ്ടും അവസരം നൽകണമോ അതോ സഞ്ജു സാംസണിന് ഏകദിന അരങ്ങേറ്റത്തിനുള്ള അവസരം നൽകണമോ എന്നതും നാളത്തെ ടീം തീരുമാനിക്കുമ്പോൾ മാനേജ്‍മെന്റിനു മുന്നിൽ വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. എന്നാൽ മധ്യനിരയുടെ നേടും തൂണായി മനീഷ് പാണ്ഡേയും സൂര്യകുമാർ യാദവും ടീമിൽ തുടരാനാണ് സാധ്യത. പാണ്ഡ്യാ സഹോദരന്മാരും ടീമിൽ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ലങ്കയുടെ ബാറ്റിങ് നിരയെ പിടിച്ചു കെട്ടാൻ ഇന്ത്യൻ ബോളർമാർക്ക് കഴിഞ്ഞിരുന്നു. വൈസ് ക്യാപ്റ്റനായ ബുവനേശ്വർ കുമാർ നേതൃത്വം നൽകുന്ന ബോളിങ് നിരയിൽ കഴിഞ്ഞ മത്സരത്തിലെ താരം ദീപക് ചഹാറിന് പകരം നവദീപ് സൈനിക്കോ ചേതൻ സക്കരിയക്കോ അവസരം നൽകുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്. ടി20 പരമ്പരയും വരാൻ ഇരിക്കുന്ന സാഹചര്യത്തിൽ ചിലപ്പോൾ ചഹാറിന് വിശ്രമം നൽകുന്നതും ടീം മാനേജ്‍മെന്റ് ആലോചിച്ചേക്കും.

ഇന്ത്യയുടെ കുൽദീപ് – ചഹാൽ സ്പിൻ ദ്വയം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടു മത്സരങ്ങളിൽ നിന്നായി ഏഴ് വിക്കറ്റുകളാണ് ഇരുവരും ചേർന്ന് വീഴ്ത്തിയത്. എന്നാൽ കൃഷ്ണപ്പ ഗൗതമും രാഹുൽ ചഹാറും അവസരത്തിനായി കാത്തിരിക്കുമ്പോൾ ആർക്കാണ് അവസരം നൽകുക എന്നത് പ്രവചിക്കാൻ പ്രയാസമാണ്. പരമ്പര സ്വന്തമാക്കിയ സ്ഥിതിക്ക് ‘കുൽചാ’ സഘ്യത്തിന് പകരം യുവതാരങ്ങൾക്ക് അവസരം നൽകിയേക്കാം.

Also read: ‘ധോണി വളരെയധികം സ്വാധീനിച്ചു;’ ശ്രീലങ്കയ്ക്കെതിരായ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് ദീപക് ചഹർ

ശ്രീലങ്കയെ സംബന്ധിച്ചു അവസാന മത്സരത്തിൽ ജയം നേടാൻ കഴിഞ്ഞാൽ അത് അടുത്ത ടി20 പരമ്പരക്ക് ഇറങ്ങുമ്പോൾ ടീമിന് ആത്മവിശ്വാസം നൽകും. ഓപ്പണർ ആവിഷ്‌ക ഫെർണാണ്ടോ നന്നായി തുടങ്ങുന്നുണ്ടെങ്കിലും മറ്റു ബാറ്റ്‌സ്മാൻമാരുടെ പിന്തുണ ലഭിക്കുന്നില്ല എന്നത് ടീമിന് വെല്ലുവിളിയാണ്. ക്യാപ്റ്റൻ ദസുൻ ഷാനക, മിനോദ് ഭാനുക്ക, ധനഞ്ജയ ഡി സിൽവ തുടങ്ങിയവർ നന്നായി കളിച്ചാൽ ടീമിനു ഗുണം ചെയ്യും.

ശ്രീലങ്കൻ പരിശീലകൻ മിക്കി ആർതറിന്റെ ദേഷ്യവും നിരാശയും കഴിഞ്ഞ കളിയിൽ പ്രകടമായിരുന്നു, പക്ഷേ കളിക്കാരെ, പ്രത്യേകിച്ച് ബോളർമാരെ അദ്ദേഹം കൂടുതൽ പിന്തുണക്കേണ്ടതായുണ്ട്. കഴിഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസാരംഗയുടെ പ്രകടനവും നാളത്തെ മത്സരത്തിൽ ശ്രീലങ്കക്ക് നിർണായകമാകും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs sri lanka 3rd odi preview predicted xi