ഇന്ത്യൻ ക്യാപ്റ്റൻ അല്ലെങ്കിലും കളിക്കളത്തിലെ അവസാന തീരുമാനം ഇപ്പോഴും മഹേന്ദ്ര സിങ് ധോണിയുടേത് തന്നെയാണ്. ഞായറാഴ്ച വിശാഖപട്ടണത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിലും ഇത് വ്യക്തമാക്കുന്ന സംഭവമുണ്ടായി. പക്ഷേ ഇത്തവണ ധോണിയുടെ തീരുമാനം തെറ്റിപ്പോയി.
വിരാട് കോഹ്‌ലിക്ക് പകരം ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയെ നയിച്ചത് രോഹിത് ശർമ്മയായിരുന്നു. ശ്രീലങ്കയാണ് ആദ്യം ബാറ്റ് ചെയ്തത്. 14-ാം ഓവറിൽ കുൽദീപ് യാദവിന്റെ ബോളിൽ ലങ്കൻ ബാറ്റ്സ്മാൻ സദീര സമരവിക്രമയുടെ വിക്കറ്റ് വീഴേണ്ടതായിരുന്നു. എന്നാൽ ധോണിയുടെ തീരുമാനം അത് നഷ്ടപ്പെടുത്തി. കുൽദീവ് എൽബിഡബ്ല്യുവിനായി വിളിച്ചെങ്കിലും അംപയർ നൽകിയില്ല. ക്യാപ്റ്റൻ രോഹിത് റിവ്യൂ പോകാനായി ധോണിയുടെ നിർദേശം തേടി. എന്നാൽ കുറച്ചുനേരം ആലോചിച്ച് നടന്നശേഷം രോഹിതിന്റെ അടുത്തേക്ക് നടന്നെത്തിയ ധോണി റിവ്യൂ പോകേണ്ടെന്ന് ഉപദേശിച്ചു.
ധോണിയുടെ ഡിആർഎസ് ഒരിക്കലും തെറ്റാറില്ല. ഇത്തവണയും ഡിആർഎസ് ആവശ്യപ്പെട്ടിരുന്നെങ്കിൽ ധോണിക്ക് പിഴയ്ക്കില്ലായിരുന്നു. പക്ഷേ ധോണി ഡിആർഎസ് ആവശ്യപ്പെടേണ്ടെന്ന് രോഹിതിനെ ഉപദേശിച്ചു. ധോണിയുടെ തീരുമാനം ആദ്യമായി തെറ്റിപ്പോയി. മീഡിയ കാണിച്ച റിവ്യൂവിൽ എൽബിഡബ്ല്യുവെന്ന് കൃത്യമായി കാണിച്ചു. 15 റൺസുമായി മടങ്ങുമായിരുന്ന സമരവിക്രമ 42 റൺസ് നേടിയതിനുശേഷമാണ് ഒടുവിൽ കളിക്കളം വിട്ടത്.
മൂന്നാം ഏകദിനത്തിൽ ലങ്കയെ 8 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ശ്രീലങ്ക ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ശിഖർ ധവാന്റെ 12-ാം ഏകദിന സെഞ്ചുറിയാണ് ഇന്ത്യൻ ജയത്തിന് കരുത്തായത്.