വിശാഖപട്ടണം: ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യൻ ബാറ്റ്സ്മാൻ ശ്രേയസ് അയ്യർക്ക് അർദ്ധസെഞ്ച്വറി. 44 പന്തിൽ നിന്നാണ് ശ്രേയസ് അർദ്ധസെഞ്ച്വറി തികച്ചത്. രണ്ടാം ഏകദിനത്തിൽ രോഹിത് ശർമ്മയ്ക്ക് ഒപ്പം രണ്ടാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് ശ്രേയസ് പടുത്തുയർത്തിയിരുന്നു.

ഇത്തവണ ശിഖർ ധവാനൊപ്പമാണ് ശ്രേയസിന്റെ ബാറ്റിംഗ്. ടീം സ്കോർ 17 ൽ നിൽക്കെ ക്യാപ്റ്റൻ രോഹിത് ശർമ്മ മടങ്ങിയെങ്കിലും കളിയുടെ ഗതി ഇന്ത്യയുടെ കൈപ്പിടിയിൽ തന്നെയാക്കിയത് ശ്രേയസും ധവാനും ചേർന്നുള്ള ബാറ്റിംഗാണ്.

ആദ്യം ബാറ്റ് ചെയ്ത ലങ്ക 44.5 ഓവറിൽ 205 റണ്ണിന് എല്ലാവരും പുറത്താവുകയായിരുന്നു. സ്പിന്നർമാരായ കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത്. ഇരുവരും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ഉപുൽ തരംഗയെ കുൽദീപ് യാദവിന്റെ പന്തിൽ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയതാണ് ഇന്ത്യയ്ക്ക് നിർണ്ണായകമായത്.

മൂന്നാമനായി ഉപുൽ തരംഗ മടങ്ങിയ ശേഷം ലങ്കയ്ക്ക് 45 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. ഇതിനിടയിൽ ശേഷിച്ച മറ്റ് ഏഴ് വിക്കറ്റുകളും ഇന്ത്യൻ ബൗളർമാർ വീഴ്ത്തി.

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ആദ്യ മത്സരം ശ്രീലങ്കയാണ് വിജയിച്ചത്. ക്യാപ്റ്റൻ രോഹിത്ത് ശർമ്മയുടെ മൂന്നാം ഡബിൾ സെഞ്ച്വറി പിറന്ന രണ്ടാം ഏകദിനം വിജയിച്ച് ഇന്ത്യ പരമ്പരയിൽ ലങ്കയ്ക്ക് ഒപ്പമെത്തി. മൂന്നാം ഏകദിനം വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 18.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് എന്ന നിലയിലാണ്. 91 പന്തിൽ നിന്ന് 101 റൺസിന്റെ കൂട്ടുകെട്ടാണ് ശ്രേയസും ധവാനും ചേർന്ന് പടുത്തുയർത്തിയത്. ശ്രേയസ് 58 ഉം ധവാൻ 43 റൺസുമായി ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോവുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ