വിശാഖപട്ടണം: ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ അസാധാരണമായി മുന്നേറിയ ഇന്ത്യൻ സ്പിൻ നിര ലങ്കയെ ചെറിയ സ്കോറിലൊതുക്കി. മികച്ച രീതിയിൽ ബാറ്റ് വീശിയ ലങ്ക, അപ്രതീക്ഷിതമായി ഒന്നിന് പിറകെ ഒന്നായി കൂടാരം കയറി. 44.5 ഓവറിൽ 215 റൺസിനാണ് ലങ്കൻ ബാറ്റ്സ്‌മാന്മാർ ഓൾ ഔട്ടായത്.

3 വിക്കറ്റ് നഷ്ടത്തിൽ 165 എന്ന നിലയിൽ മുന്നേറിയ ലങ്കൻ നിരയ്ക്ക് 45 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച ഏഴ് വിക്കറ്റുകളും നഷ്ടമായി. കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ് ലങ്കയെ എരിച്ചത്. ഇരുവരും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

ലങ്കൻ നിരയിൽ ആറ് ബാറ്റ്സ്മാന്മാർ രണ്ടക്കം കണ്ടില്ല. സെഞ്ചുറിയിലേക്ക് കുതിച്ച ഉപുൽ തരംഗയെ 95 റൺസിൽ നിൽക്കെ കുൽദീപ് യാദവിന്റെ പന്തിൽ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കി. സമരവിക്രമ 42 റൺസെടുത്തപ്പോൾ മാത്യൂസും ഗുണരത്നെയും 17 റൺസ് മാത്രമെടുത്ത് മടങ്ങി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ