വിശാഖപട്ടണം: ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന് സെഞ്ച്വറി. 84 പന്തിൽ സെഞ്ച്വറി തികച്ച ധവാന്റെ മികവിൽ ഇന്ത്യ മൂന്നാം ഏകദിനത്തിൽ വിജയിച്ചു. എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ ഏകദിന പരമ്പരയും ഇന്ത്യ നേടി. നേരത്തേ ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയും ഇന്ത്യ വിജയിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 215 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. കുൽദീപ് യാദവും യുസ്വേന്ദ്ര ചാഹലുമാണ് ലങ്കൻ നിരയെ എറിഞ്ഞിട്ടത്. ഇരുവരും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. 95 റൺസ് നേടിയ ഉപുൽ തരംഗയുടെ മികവിലാണ് ലങ്ക മുന്നേറിയത്. എന്നാൽ മൂന്നാമനായി തരംഗ മടങ്ങിയ ശേഷം ലങ്ക 45 റൺസ് മാത്രമേ കൂട്ടിച്ചേർത്തുള്ളൂ.

ഇന്ത്യയുടെ തുടർച്ചയായ എട്ടാമത്തെ ഏകദിന പരമ്പര വിജയമാണിത്. 2016 ജൂണിന് ശേഷം ഇതുവരെ ഇന്ത്യ ഒരു പരമ്പര പോലും തോറ്റിട്ടില്ല.

രണ്ടാം വിക്കറ്റിൽ ശ്രേയസ് അയ്യരുമൊത്ത് ധവാൻ പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് വിജയത്തിലേക്കുള്ള വഴിയൊരുക്കിയത്. ശ്രേയസ് തുടർച്ചയായി രണ്ടാം മത്സരത്തിലും അർദ്ധസെഞ്ച്വറി (65) നേടി പുറത്തായി. കഴിഞ്ഞ മത്സരത്തിൽ ഇരട്ടസെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ഈ മത്സരത്തിൽ തിളങ്ങാനായില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ