നാഗ്‌പൂർ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ലങ്ക 205 ന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ കെഎൽ രാഹുലിനെ നഷ്ടമായി. ആദ്യ ദിനം സ്റ്റംപെടുത്തപ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസ് എടുത്തിട്ടുണ്ട്.

നാല് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ഇശാന്ത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവരുമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ചാണ്ഡിമൽ 57 റൺസുമായി ലങ്കൻ നിരയിൽ ടോപ് സ്കോററായി. ഓപ്പണറായി ഇറങ്ങിയ കരുണരത്ന 51 റൺസ് എടുത്ത് പുറത്തായി. മറ്റാർക്കും ലങ്കൻ നിരയിൽ കാര്യമായ സംഭാവന നൽകാനായില്ല.

28 പന്തിൽ നിന്ന് രണ്ട് റൺസുമായി മുരളി വിജയും ഏഴ് പന്തിൽ നിന്ന് രണ്ട് റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ.

ടീം സ്കോർ ഏഴിൽ നിൽക്കെ കെഎൽ രാഹുൽ (ഏഴ്) ബൗൾഡാവുകയായിരുന്നു. ലാഹിരു ഗാമഗേ എറിഞ്ഞ ഓഫ് സ്റ്റംപിന് പുറത്തേക്കുള്ള പന്ത് രാഹുലിന്റെ ബാറ്റിൽ തട്ടി വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം സമനിലയിലായിരുന്നു. വിജയം ലക്ഷ്യമിട്ടാണ് ഇരുടീമുകളും കളിക്കളത്തിലിറങ്ങിയത്.

പരുക്കേറ്റ മുഹമ്മദ് ഷാമിക്കു പകരം ഇശാന്ത് ശർമയെയാണ് ഇന്ത്യൻ നിരയിൽ ഉൾപ്പെടുത്തിയത്. തന്നെ ഏൽപ്പിച്ച ദൗത്യം ഇശാന്ത് ശർമ്മ ഭംഗിയായി നിറവേറ്റുകയും ചെയ്തു. ശിഖർ ധവാന് പകരം മുരളി വിജയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഓപ്പൺ ചെയ്യുന്നത്. വിവാഹത്തിനായി ടീമിൽ നിന്നും മാറി നിൽക്കുന്ന പേസർ ഭുവനേശ്വർ കുമാറിനു പകരം ബാറ്റ്സ്മാനായ രോഹിത് ശർമ്മയെയാണ് ടീമിൽ ഉൾപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook