മൊഹാലി: ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയില്‍ ഇന്ന് നടക്കുന്ന രണ്ടാം ഏകദിനത്തിന് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ മഹേന്ദ്ര സിങ് ധോണി ചരിത്രം കുറിക്കാനാണ് പാഡുകെട്ടുന്നത്. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ച നാലാമത്തെ താരമെന്ന റെക്കോര്‍ഡ് മാഹിക്ക് സ്വന്തമാകും. ക്രിക്കറ്റ് ജീവിതത്തിലെ 311-ാം ഏകദിനത്തിനാണ് ധോണി ഇറങ്ങുന്നത്.

സച്ചിൻ തെൻഡുൽക്കറാണ്​ ഇന്ത്യക്കായി ഏറ്റവും കൂടുതൽ ഏകദിനം കളിച്ച താരം. 463 ഏകദിനം കളിച്ച സച്ചി​ന്‍റെ പേരിൽ തന്നെയാണ്​ ലോക റൊക്കോർഡും. ഇന്ത്യയിൽ സച്ചിന്​ പിറകിലായി രാഹുൽ ദ്രാവിഡും മുൻ ക്യാപ്​റ്റൻ മുഹമ്മദ്​ അസ്​റുദ്ദീനുമാണുള്ളത്​. 344 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള രാഹുല്‍ ദ്രാവിഡ് രണ്ടാം സ്ഥാനത്തും 334 മത്സരങ്ങളില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ അസറുദ്ദീനും മൂന്നാം സ്ഥാനത്തുമുണ്ട്.

ഇരുവരും ധോണിയുടെ കുതിപ്പിനുമുന്നില്‍ വഴിമാറുമെന്നാണ് വ്യക്തമാകുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പുവരെ ധോണി കളിക്കളത്തിലുണ്ടായേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ സച്ചിനു പിന്നിലായി രണ്ടാം സ്ഥാനം ധോണി അരക്കിട്ടുറപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 36കാരനായ ധോണിക്ക്​ 106 റൺസ്​ കൂടി നേടാനായാൽ ഏകദനിത്തിൽ പതിനായിരം റൺസ്​ തികയ്ക്കാനുമാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ