ക്ഷമയോടെ തുടങ്ങി, നിലയുറപ്പിച്ച ശേഷം ആക്രമണ സ്വഭാവത്തിലേക്ക് മാറുന്ന രോഹിത് ശർമ്മ ഇന്നും തന്റെ പതിവ് തെറ്റിച്ചില്ല. പതിയെ തുടങ്ങിയ മത്സരത്തിൽ നിലയുറപ്പിച്ച ശേഷം ആക്രമിച്ച കളിച്ച നായകൻ, ഇന്നത്തെ സെഞ്ച്വറിയിലൂടെ ഒട്ടനവധി റെക്കോഡുകളാണ് പഴങ്കഥയാക്കിയത്.

ഡേവിഡ് മില്ലറുടെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോഡിന് ഒപ്പമാണ് ഇപ്പോൾ രോഹിത് ശർമ്മയും. 35 പന്തിലാണ് ഇന്ത്യൻ നായകൻ തന്റെ ടി20യിലെ രണ്ടാമത്തെ സെഞ്ച്വറി തികച്ചത്. സ്പിന്നർമാരെയും മീഡിയം പേസർമാരെയും ഒരേപോലെ തലങ്ങും വിലങ്ങും പായിച്ച ഹിറ്റ്മാൻ ലങ്കൻ ബോളിംഗ് നിരയിലെ ഒരാളെ പോലും ഒഴിവാക്കിയില്ല.

ഈ റെക്കോഡിന് പുറമേ ഹിറ്റ് മാൻ വേറെയും ചില നേട്ടങ്ങൾ ഇന്നത്തെ മത്സരത്തിൽ കൊയ്തു. നായകനെന്ന നിലയിൽ ഒരാളും ടി20 ചരിത്രത്തിൽ ഇത്രയും ആക്രമണകാരിയായിട്ടില്ലെന്നാണ് അതിലൊന്ന്. നായകന്മാരിൽ ഒരു ടി20 മത്സരത്തിൽ ഏറ്റവുമധികം സിക്സ് നേടുന്ന താരമെന്ന നേട്ടം ഇതോടെ രോഹിത് ശർമ്മയുടെ പേരിലായി.

ടി20യിലും ഏകദിനത്തിലും ഇന്നിംഗ്സിൽ പത്ത് സിക്സറുകളടിച്ചതിന്റെ ഖ്യാതിയും ഇനി രോഹിത് ശർമ്മയ്ക്ക് മാത്രം അവകാശപ്പെടാം. ഒരു അന്താരാഷ്ട്ര ടി20 മത്സരത്തിൽ ഇന്ത്യൻ നായകൻ നേടുന്ന രണ്ടാമത്തെ വേഗമേറിയ അർദ്ധശതകമാണ് ഹിറ്റ്മാൻ ഇന്ന് തന്റെ ആദ്യ 23 പന്തിൽ നേടിയത്.

ക്രിസ് ഗെയ്ൽ, ഇവിൻ ലൂയിസ്, കോളിൻ മൺറോ, ബ്രണ്ടൻ മക്കുലം എന്നിവർക്ക് പുറമേ ടി20യിൽ രണ്ട് സെഞ്ച്വറികൾ നേടിയ അഞ്ചാമത്തെ താരമായി രോഹിത് ശർമ്മ.

മൂന്ന് ഫോർമാറ്റിലുമായി 2017 ൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി രോഹിത് ശർമ്മ. എട്ട് സെഞ്ച്വറികൾ നേടിയ ഹിറ്റ്മാന് മുന്നിൽ 11 സെഞ്ച്വറികൾ നേടിയ വിരാട് കോഹ്ലി മാത്രമാണുള്ളത്.

2017 ൽ ഏറ്റവും സിക്സറുകൾ നേടിയ താരമെന്ന നേട്ടവും ഇതോടെ രോഹിതിന്റെ പേരിലായി. 2015 ൽ 63 സിക്സറുകൾ അടിച്ച ഡിവില്ലിയേഴ്സിന്റെ റെക്കോഡാണ് പഴങ്കഥയായത്.

43 പന്തിൽ നിന്ന് 118 റൺസ് ആണ് ടി20യിലെ ഒരു ഇന്ത്യക്കാരന്റെ ഉയർന്ന വ്യക്തിഗത സ്കോർ. ഇതിനെല്ലാം പുറമേ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ ടീം ഇന്ത്യ കുറിച്ചപ്പോൾ, ടി20 ചരിത്രത്തിൽ ഇന്ത്യ ഒരു കളിയിൽ അടിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ സിക്സുകളും ഇന്നത്തെ മത്സരത്തിൽ പിറന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ