ശ്രീലങ്കന്‍ നായകന്‍ ദിനേഷ് ചണ്ഡിമാലിന്റെ അധാര്‍മ്മിക പ്രവൃത്തിയില്‍ പിഴ വിധിക്കാതിരുന്ന സംഭവത്തില്‍ പ്രതിഷേധം വെളിവാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. വ്യാജ ഫീല്‍ഡിങ് ചെയ്യുന്നതിന് ടീമിന് പിഴ വിധിക്കാതിരുന്ന നിഗല്‍ ലോംഗ്, ജോയല്‍ വിന്‍സണ്‍ എന്നീ അമ്പയര്‍മാരുടെ പ്രവൃത്തിയിലാണ് കോഹ്‌ലി നീരസം പ്രകടിപ്പിച്ചത്.

ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് നടന്ന ശനിയാഴ്ച 53-ാം ഓവറിലാണ് സംഭവം. ഭുവനേശ്വര്‍ അടിച്ച പന്തിന് പിറകെ പാഞ്ഞ ചണ്ഡിമാലാണ് വ്യാജ ഫീല്‍ഡിങ് നടത്തിയത്. പന്ത് കൈയില്‍ കിട്ടാതിരുന്ന ലങ്കന്‍ നായകന്‍ സ്റ്റംപിന് നേരെ എറിയുന്നതായി ഭാവിക്കുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍ പെട്ടിട്ടും അമ്പയര്‍മാര്‍ ഇത് അവഗണിക്കുകയായിരുന്നു. ഉടന്‍ തന്നെ കളി കണ്ടുകൊണ്ടിരുന്ന കോഹ്‌ലി പിഴയായി ലഭിക്കേണ്ട അഞ്ച് റണ്‍ വേണമെന്ന് കൈയുയര്‍ത്തി പ്രതിഷേധം കണക്കെ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അമ്പയര്‍മാര്‍ ടീമിന് പിഴ വിധിക്കാതെ മത്സരം പുനരാരംഭിക്കുകയായിരുന്നു.

വ്യാജ ഫീല്‍ഡിങ്’ നടത്തുന്നവര്‍ക്ക് പിഴ വിധിക്കാന്‍ ഐസിസി ചട്ടം ഭേദഗതി ചെയ്തിരുന്നു. കൈയില്‍ പന്ത് ഉളളത് പോലെ അഭിനയിച്ച് റണ്ണിനായി ഓടുന്ന ബാറ്റ്സ്മാനെ കുഴക്കിയാല്‍ അഞ്ച് റണ്‍ പിഴയായി നല്‍കേണ്ടി വരും. ഓസ്ട്രേലിയയിലെ ജെഎല്‍ടി വണ്‍ ഡേ കപ്പിനിടയിലാണ് വ്യാജ ഫീല്‍ഡിങ്ങിന് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഒരു താരത്തിന് പിഴയിട്ടത്.

കടുത്ത കുറ്റങ്ങള്‍ ആണ് ചെയ്തതെങ്കില്‍ കളിക്കാരെ ഫുട്ബോളിലേത് പോലെ കളത്തിന് പുറത്തേക്ക് പറഞ്ഞയക്കാനും ഐസിസിയുടെ പുതിയ ചട്ടം ഭേദഗതി ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് ബാറ്റിന്റെ കട്ടിയും വീതിയും സംബന്ധിച്ചും നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇനിമുതല്‍ കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് ബാറ്റുകള്‍ അനുവദിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ