ലണ്ടന്‍: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ അഞ്ചാം വിജയം തേടിയിറങ്ങിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ദയനീയ തോല്‍വി. 115 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 273 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 46 ഓവറില്‍ 158 റണ്‍സെടുത്ത് മുഴുവന്‍ പേരും പുറത്തായി.ഇന്ത്യന്‍ നിരയില്‍ ഏഴ് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്.

അര്‍ദ്ധ സെഞ്ചുറി നേടിയ ലിസെല്ലെ ലീ, ഡിവാന്‍ നീകര്‍ക്ക് എന്നിവരുടെ പ്രകടനത്തിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറുയര്‍ത്തിയത്. നീകര്‍ക്ക് നാല് വിക്കറ്റും നേടി ദക്ഷിണാഫ്രിക്കയെ വിജയതീരത്തെത്തിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മ്മ 60 റണ്‍സെടുത്തു. ഓപ്പണറായ പൂനം റാവത്ത് 22 റണ്‍സെടുത്ത് പുറത്തായി. ജുലാന ഗോസ്വാമി 43 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 9 വിക്കറ്റ് നഷ്ടത്തിലാണ് നേരത്തേ ദക്ഷിണഫ്രിക്ക 273 റണ്‍സ് അടിച്ചുകൂട്ടിയത്. ഷിഖാ പാണ്ഡെ മൂന്ന് വിക്കറ്റും, ഹര്‍മന്‍പ്രീത് കൗര്‍, എക്താ ബിഷ്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, ശ്രീലങ്ക, വിന്‍ഡീസ് എന്നിവരെ തോല്‍പ്പിച്ച ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയെ കൂടി തോല്‍പ്പിച്ചാല്‍ സെമിയിലേക്കുളള പാത എളുപ്പമാകുമായിരുന്നു. രണ്ട് കളികള്‍ മാത്രം വിജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണായകമായിരുന്നു മത്സരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ