കേപ് ടൗൺ: ആദ്യ ടെസ്റ്റിലെ രണ്ടാം ദിനം തന്റേതാക്കി മാറ്റിയ ഹാർദിക് പാണ്ഡ്യയെയാണ് ഇപ്പോൾ ദക്ഷിണാഫ്രിക്ക ഉന്നമിട്ടിരിക്കുന്നത്. സമ്മർദ്ദങ്ങൾക്ക് കീഴ്‌പ്പെടാതെ തന്റെ സ്വാഭാവിക കളി പുറത്തെടുക്കുന്ന ഹാർദിക് പാണ്ഡ്യ അപകടകാരിയാണെന്നാണ് എതിർടീമിന്റെ വിലയിരുത്തൽ.

അതേസമയം, കേപ് ടൗണിലെ പിച്ച് ബോളിങ്ങിന് അനുകൂലമാണെങ്കിലും ഭാഗ്യം കൂടി ഉണ്ടായാലേ ജയിക്കാനാവൂ എന്ന് ദക്ഷിണാഫ്രിക്കയുടെ ബോളർ കാഗിസോ റബാദ പറഞ്ഞു.

“കളിയിൽ ഞങ്ങൾക്കാണ് മേൽക്കൈ. അതങ്ങിനെ വിട്ടുകളയാൻ ഞങ്ങൾ ഒരുക്കമല്ല. എന്നാൽ ഇന്ത്യ തകർച്ചയിൽ നിന്ന് ഭേദപ്പെട്ട സ്കോറിലേക്ക് കരകയറിയ ടീമാണ്. മികച്ച ലീഡ് നേടാനാണ് ഞങ്ങളുടെ ശ്രമം”, റബാദ പറഞ്ഞു.

“ഹാർദിക് പാണ്ഡ്യയെ പോലെ ഒരു കളിക്കാരനെ വളരെയേറെ സൂക്ഷിക്കണം. സമ്മർദ്ദങ്ങൾക്ക് കീഴ്‌പ്പെടാതെ സ്വാഭാവിക കളി പുറത്തെടുക്കുന്ന താരമാണ് അദ്ദേഹം. അങ്ങിനെയൊരാൾ എത്ര പ്രതികൂലമായ സാഹചര്യത്തിലും എതിരാളിയെ പ്രതിരോധത്തിലാക്കും. അതാണ് ഇന്നലെ സംഭവിച്ചത്. ബാറ്റ്സ്‌മാന്മാർക്ക് മെച്ചമുണ്ടാക്കാൻ പറ്റുന്ന വിക്കറ്റല്ല അത്. പക്ഷെ ഷോട്‌സ് കളിച്ച് പാണ്ഡ്യ ബോളർമാരെ പ്രതിരോധത്തിലാക്കി. ഇത്തരത്തിലൊരു ബാറ്റ്സ്‌മാൻ ഉണ്ടാകുമ്പോൾ ഭാഗ്യം കൂടി ഇല്ലാതെ കളി ജയിക്കാനാവില്ല”, റബാദ പറഞ്ഞു.

അതേസമയം, ഇനിയുള്ള മൂന്ന് ദിവസവും ഡെയ്ൽ സ്റ്റെയ്നിന്റെ അഭാവം ടീമിനെ വലയ്ക്കുന്നുണ്ട്. എന്നാൽ നാല് പേസർമാരെ ഉൾപ്പെടുത്താനുള്ള ടീമിന്റെ തീരുമാനം ഗുണം ചെയ്തുവെന്ന് റബാദ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ