ഇന്ത്യൻ കളിക്കാരുടെ പല റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ് 29 കാരനായ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ പുറത്താകാതെ 159 ബോളുകൾ നേരിട്ട കോഹ്‌ലി 160 റൺസാണ് അടിച്ചുകൂട്ടിയത്.

ഏകദിന കരിയറിലെ 34-ാം സെഞ്ചുറിയും കേപ്ടൗണിൽ കോഹ്‌ലി സ്വന്തം പേരിലെഴുതി. ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന കളിക്കാരൻ എന്ന മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ റെക്കോർഡും കോഹ്‌ലി പൊളിച്ചു. കേപ്ടൗണിൽ കോഹ്‌ലി നേടിയത് ക്യാപ്റ്റനെന്ന നിലയിലെ 12-ാമത് സെഞ്ചുറിയാണ്. ഗാംഗുലി 11 സെഞ്ചുറികളാണ് നേടിയിട്ടുളളത്. തന്റെ 43-ാമത് ഇന്നിങ്സിലായിരുന്നു കോഹ്‌ലിയുടെ ഈ നേട്ടം. എന്നാൽ ഗാംഗുലിക്ക് നേട്ടം കൈവരിക്കാൻ വേണ്ടിവന്നത് 142 ഇന്നിങ്സുകളായിരുന്നു. റിക്കി പോണ്ടിങ് (22 സെഞ്ചുറി, 220 ഇന്നിങ്സ്), എബി ഡിവില്ലിയേഴ്സ് ( 13 സെഞ്ചുറി, 98 ഇന്നിങ്സ്) എന്നിങ്ങനെ രണ്ടു താരങ്ങളാണ് ഇനി കോഹ്‌ലിക്ക് മുന്നിലുളളത്.

ദക്ഷിണാഫ്രിക്കൻ മണ്ണിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും കൂടിയ റൺസ് എന്ന റെക്കോർഡ് നേട്ടവും സെഞ്ചുറി നേട്ടത്തോടെ കോഹ്‌ലി സ്വന്തമാക്കി. ഗാംഗുലിയുടെ റെക്കോർഡാണ് കോഹ്‌ലി തിരുത്തിക്കുറിച്ചത്.

2001 ൽ ജൊഹന്നാസ്ബർഗിൽ 127 റൺസ് നേടിയ ഗാംഗുലിയുടെ റെക്കോർഡാണ് കോഹ്‌ലി തകർത്തത്. ഗാംഗുലിയുടെതന്നെ മറ്റു രണ്ടു റെക്കോർഡുകളും കോഹ്‌ലി തിരുത്തിയെഴുതി. ഒരു ഇന്നിങ്സിൽ സിംഗിളിലൂടെ 100 റൺസോ അതിലധികമോ ഓടി നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരൻ എന്ന റെക്കോർഡാണ് കോഹ്‌ലി ഇട്ടത്. ഓവർഓൾ കളിക്കാരിൽ 5-ാം സ്ഥാനവും കോഹ്‌ലി ഇതോടെ സ്വന്തമാക്കി.

കേപ്ടൗണിൽ നടന്ന ഏകദിനത്തിൽ 100 റൺസാണ് കോഹ്‌ലി ഓടി സ്വന്തമാക്കിയത്. സിംഗിളിലൂടെ 75 റൺസും ഡബിളിലൂടെ 22 റൺസും ത്രിപ്പിളിലൂടെ 3 റൺസും ഉൾപ്പെടെയാണ് കോഹ്‌ലി 100 റൺസ് ഓടി നേടിയത്. 12 ഫോറുകളും 6 സിക്സുകളും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ 160 റൺസ് ഇന്നിങ്സ്.

1999 ൽ നാഗ്പൂരിൽ ശ്രീലങ്കയ്ക്ക് എതിരെ നടന്ന മൽസരത്തിൽ ഗാംഗുലിയുടെ 130 ഇന്നിങ്സിൽ 98 റൺസാണ് അദ്ദേഹം ഓടി നേടിയത്. ഇതാണ് കോഹ്‌ലി തകർത്തത്. മുൻ ഇന്ത്യൻ കോച്ചും ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാനുമായ ഗാരി കിർസ്റ്റൺ ആണ് ഈ പട്ടികയിലെ ഒന്നാമൻ. 1996 ൽ യുഎഇയ്ക്കെതിരായ മൽസരത്തിൽ 188 ഇന്നിങ്സിൽ 112 റൺസാണ് അദ്ദേഹം ഓടി നേടിയത്. ഫാഫ് ഡു പ്ലെസിസ് ( 103, ശ്രീലങ്കയ്ക്കെതിരെ 2017 ൽ), ആദം ഗിൽക്രിസ്റ്റ് (102- സിംബാബ്‌വെയ്ക്കെതിരെ 2004 ൽ), മാർട്ടിൻ ഗുപ്റ്റിൽ (101- ഇംഗ്ലണ്ടിനെതിരെ 2013 ൽ) എന്നിവരാണ് പട്ടികയിലെ മറ്റുളളവർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ