ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിനുപിന്നാലെ ഇന്ത്യയുടെ ടീം സെലക്ഷനെ ചോദ്യം ചെയ്യുകയാണ് ആരാധകർ. കെ.എൽ.രാഹുലിനും അജിങ്ക്യ രഹാനയ്ക്കും പകരം ശിഖർ ധവാനെയും രോഹിത് ശർമ്മയെയും ഉൾപ്പെടുത്തിയാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. അതിൽതന്നെ അജിങ്ക്യ രഹാനയെ മാറ്റി പകരം രോഹിത് ശർമയെ സെലക്ട് ചെയ്തതാണ് ആരാധകെ ഏറെ ചൊടിപ്പിച്ചത്.

ടെസ്റ്റിൽ ഏറെ പരിചയമുളള രഹാനയെ മാറ്റിയതാണ് ഇന്ത്യയുടെ തോൽവിയിലേക്ക് നയിച്ചതെന്നാണ് ആരാധകരുടെ അഭിപ്രായം. ആദ്യ ടെസ്റ്റിലെ രണ്ടു ഇന്നിങ്സുകളിൽ നിന്നായി 21 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. ടീം സെലക്ഷനെക്കുറിച്ച് വിമർശനങ്ങൾ ഉയരുമ്പോഴും രോഹിത്തിനെ ഉൾപ്പെടുത്തിയതിനെ പിന്തുണയ്ക്കുകയാണ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി.

നിലവിലെ രോഹിത്തിന്റെ ഫോമിന്റെ അടിസ്ഥാനത്തിലാണ് ടെസ്റ്റ് ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയതെന്നാണ് വിരാട് കോഹ്‌ലി മൽസരശേഷം നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞത്. താരങ്ങളുടെ നിലവിലെ ഫോമിന് അനുസരിച്ചാണ് ടീം തിരഞ്ഞെടുത്തത്. അടുത്തിടെ നടന്ന 3 ടെസ്റ്റ് മൽസരങ്ങളിലും നല്ല സ്കോറാണ് രോഹിത് നേടിയത്. ശ്രീലങ്കയ്ക്ക് എതിരായ സീരിസിൽ മികച്ച ഫോമിലായിരുന്നു രോഹിത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടീം തിരഞ്ഞെടുത്തതെന്നും കോഹ്‌ലി പറഞ്ഞു.