ലോക ക്രിക്കറ്റിലെ പല റെക്കോർഡുകളും തകർക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോൾ ഇന്ത്യൻ നായകനുളളത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ പുതു റെക്കോർഡാണ് കോഹ്‌ലി എഴുതിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ അവസാന മൽസരത്തിൽ കരിയറിലെ 35-ാമത് സെഞ്ചുറിയാണ് കോഹ്‌ലി തികച്ചത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽനിന്നും മടങ്ങുന്നതിനു മുൻപ് ഇന്ത്യൻ നായകന്റെ റെക്കോർഡ് ബുക്കിൽ മറ്റൊരു നേട്ടം കൂടി കാണാനാകുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ദക്ഷിണാഫ്രിക്കയിൽ 1000 റൺസ് തികയ്ക്കാൻ കോഹ്‌ലിക്ക് ഇനി വേണ്ടത് 130 റൺസാണ്. ഇനി അവശേഷിക്കുന്ന രണ്ടു ട്വന്റി 20 മൽസരങ്ങളിൽനിന്നായി കോഹ്‌ലി അത് നേടിയാൽ കോഹ്‌ലിയെ തേടിയെത്തുക ഒരു ലോക റെക്കോർഡാണ്. വിദേശ പര്യടനത്തിൽ 1000 റൺസ് നേടുന്ന ലോകത്തിലെ രണ്ടാമത്തെ ബാറ്റ്സ്മാൻ ആയി കോഹ്‌ലി മാറും.

വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവ് റിച്ചാർഡ്സ് മാത്രമാണ് ഇപ്പോൾ ഈ നേട്ടം കൈവരിച്ചിട്ടുളളത്. 1976 ൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലാണ് റിച്ചാർഡ്സ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് പര്യടനം അവസാനിക്കുമ്പോൾ 1,045 റൺസായിരുന്നു റിച്ചാർഡ്സിന്റെ സമ്പാദ്യം. ഏകദിനങ്ങളിൽനിന്നായി 216 റൺസും നാലു ടെസ്റ്റ് മൽസരങ്ങളിൽ നിന്നായി 829 റൺസുമായിരുന്നു റിച്ചാർഡ്സ് നേടിയത്.

ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാനു പോലും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. 974 റൺസാണ് ബ്രാഡ്മാന്റെ പക്കലുളളത്. ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് മൽസരങ്ങളിൽനിന്നാണ് ബ്രാഡ്മാന്റെ ഈ നേട്ടം. ആ കാലത്ത് ഏകദിന മൽസരങ്ങൾ ഉണ്ടായിരുന്നില്ല എന്നത് ഓർക്കേണ്ടതാണ്. മറിച്ചായിരുന്നുവെങ്കിൽ അദ്ദേഹവും ഈ നേട്ടം കൈപ്പിടിയിലൊതുക്കിയേനെ.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടെസ്റ്റ് മൽസരങ്ങളിൽനിന്നും 286 റൺസാണ് കോഹ്‌ലി നേടിയത്. 6 ഏകദിനങ്ങളിൽനിന്നായി 558 റൺസും കോഹ്‌ലി സ്വന്തമാക്കി. രണ്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ഏകദിന പരമ്പരയിൽ 500 റൺസിനു മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമായും കോഹ്‍ലി മാറി. ഏകദിന പരമ്പരയിൽ 3 സെഞ്ചുറികളും ഒരു അർധ സെഞ്ചുറിയും ഉൾപ്പെടെയാണ് കോഹ്‌ലി 500 കടന്നത്. ആദ്യ ട്വന്റി 20 മൽസരത്തിൽ 26 റൺസായിരുന്നു കോഹ്‌ലിയുട സമ്പാദ്യം. ഇതോടെ കോഹ്‌ലിയുടെ റൺനേട്ടം 870 ൽ എത്തി നിൽക്കുകയാണ്. ഇനി 130 റൺസും കൂടി അടിച്ചു നേടിയാൽ കോഹ്‌ലി ദക്ഷിണാഫ്രിക്കൻ മണ്ണിൽ പുതിയൊരു റെക്കോർഡ് കൂടി നേടിയായിരിക്കും മടങ്ങുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ