കട്ടക്ക്: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ താരങ്ങൾ. 9 തുടർ പരമ്പരകളുടെ നേട്ടവുമായി ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്ന ഇന്ത്യൻ സംഘത്തെ കാത്തിരിക്കുന്നത് തീർത്തും വ്യത്യസ്തമായ സാഹചര്യങ്ങളാണ്. പേസും ബൗൺസുമുള്ള ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ വിരാട് കോഹ്‌ലിയും സംഘവും അഗ്നിപരീക്ഷയായിരിക്കും നേരിടുക. എന്നാൽ ഇന്ത്യൻ വിജയസാധ്യതകളെപ്പറ്റി പ്രവചിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ഗ്രെയിം സ്മിത്ത്.

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടേയും ചേതേശ്വർ പൂജാരയുടേയും ഫോമിന് അനുസരിച്ചാകും ഇന്ത്യയുടെ വിജയസാധ്യതകളെന്നാണ് ഗ്രെയിം സ്മിത്തിന്റെ നിരീക്ഷണം. ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ റൺസ് കണ്ടെത്താൻ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും, എന്നാൽ കോഹ്‌ലിക്കും, പൂജാരയ്ക്കും ദക്ഷിണാഫ്രിക്കൻ പേസർമാരെ വെല്ലുവിളിക്കാൻ കഴിയുമെന്നും സ്മിത്ത് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

പരുക്ക് ഭേദമായ എബി ഡിവില്ലിയേഴ്സും, ഡെയ്ൽ സ്റ്റെയിനും തിരിച്ചെത്തുന്നതോടെ ദക്ഷിണാഫ്രിക്ക കൂടുതൽ ശക്തരായിരിക്കുന്നു. കഗീസോ റബാഡയും വെർണോൻ ഫിലാണ്ടറും തകർപ്പൻ ഫോമിലാണെന്നതും ദക്ഷിണാഫ്രിക്കയുടെ സാധ്യത വർധിപ്പിക്കുന്നുണ്ടെന്നും സ്മിത്ത് പറഞ്ഞു.

ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരടങ്ങുന്ന ഇന്ത്യൻ പേസ് നിര മികച്ചതാണ്. എന്നാൽ ഇന്ത്യൻ പിച്ചുകൾ പോലെ അല്ല ദക്ഷിണാഫ്രിക്കയിലേതെന്നും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ വിക്കറ്റുകൾ വീഴ്ത്താനാകൂ എന്നും ഗ്രെയിം സ്മിത്ത് പറഞ്ഞു.

ജനുവരി അഞ്ച് മുതലാണ് ഇന്ത്യ Vs ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. 3 ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ