ഡിസംബർ 11 നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും തമ്മിലുളള വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് കോഹ്‌ലിയും അനുഷ്കയും വിവാഹിതരായത്. ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോർട്ടിൽ വച്ച് പാരമ്പര്യ രീതിയിലായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം നടന്നത്.

ബോളിവുഡ് താരങ്ങളും രാഷ്ട്രീയ പ്രമുഖരും പ്രധാനമന്ത്രിയും വരെ ഇരുവര്‍ക്കും ആശംകളുമായെത്തി. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇപ്പോഴും താരങ്ങള്‍ക്ക് ആശംസാപ്രവാഹമാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുളള രണ്ടാം ഏകദിനത്തിലും ആരാധകര്‍ കോഹ്‌ലിക്ക് ആശംസയര്‍പ്പിച്ചു. കോഹ്‌ലി ബൗണ്ടറിക്ക് അടുത്തായി ഫീല്‍ഡ് ചെയ്യുമ്പോഴാണ് ആരാധകര്‍ വ്യത്യസ്ഥമായ രീതിയില്‍ ആശംസയര്‍പ്പിച്ചത്. താരദമ്പതികളുടെ ചിത്രത്തിനൊപ്പം ‘ഷാദി മുബാറക്’ എന്ന ആശംസയാണ് ആരാധകര്‍ ബാനറില്‍ തയ്യാറാക്കി ഉയര്‍ത്തിക്കാട്ടിയത്.

ആര്‍ത്തുവിളിച്ച ആരാധകരെ കോഹ്‌ലി കൈയുയര്‍ത്തി കാണിക്കുകയും ചെയ്തു. ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി നേട്ടം ആഘോഷമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഡർബനിലെ ഗ്യാലറിയിൽ അനുഷ്ക ഇല്ലായിരുന്നുവെങ്കിലും ഭർത്താവിന് മനസ്സു കൊണ്ട് എല്ലാ പിന്തുണയും അനുഷ്ക നൽകിയിരുന്നു.

ടിവിയിലൂടെ മൽസരം കണ്ട അനുഷ്കയ്ക്ക് കോഹ്‌ലി സെഞ്ചുറി നേടിയപ്പോൾ സന്തോഷം സഹിക്കാനായില്ല. ഇൻസ്റ്റഗ്രാമിലൂടെയാണ് അനുഷ്ക തന്റെ സന്തോഷം പങ്കുവച്ചത്. ദക്ഷിണാഫ്രിക്കൻ മണ്ണിലെ കോഹ്‌ലിയുടെ ആദ്യ സെഞ്ചുറി ആരാധകരെപ്പോലെ തന്നെ ഭാര്യ അനുഷ്കയും ആഘോഷിച്ചുവെന്ന് ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വ്യക്തമാക്കും. ഭർത്താവിന്റെ നേട്ടത്തിൽ അഭിമാനം കൊളളുന്ന ഭാര്യയാണ് അനുഷ്കയെന്നും ചിത്രങ്ങൾ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ