റാഞ്ചി: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരത്തിന് നാളെ റാഞ്ചിയിൽ തുടക്കമാകും. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. റാഞ്ചിയിലും വിജയം ആവർത്തിച്ച് പരമ്പര തൂത്തുവാരാനാണ് വിരാട് കോഹ്‌ലിയും സംഘവും നാളെ മുതൽ കളത്തിലിറങ്ങുന്നത്. മൂന്നാം മത്സരവും ജയിക്കാനായാൽ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ നിർണായകമായ 120 പോയിന്റ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിക്കും.

എന്നാൽ ആശ്വാസജയം തേടിയാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ റാഞ്ചിയിൽ കളിക്കുക. ആദ്യ രണ്ടു മത്സരങ്ങളിലും വമ്പൻ തോൽവിയാണ് ഇന്ത്യയോട് പ്രൊട്ടിയാസുകൾ വഴങ്ങിയത്. ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഇതുവരെ അക്കൗണ്ട് തുറക്കാൻപോലും ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജയത്തിൽ കുറഞ്ഞതൊന്നും ഡു പ്ലെസിസും സംഘവും പ്രതീക്ഷിക്കുന്നില്ല.

Also Read: പൂനെയിലെ ‘ദക്ഷിണാഫ്രിക്കന്‍ ഹീറോ’ കേശവ് മഹാരാജ് മൂന്നാം ടെസ്റ്റ് കളിക്കില്ല; ഇന്ത്യയ്ക്ക് ആശ്വാസം

മൂന്നാം ടെസ്റ്റിൽ നിർണായകമായ ഒരു മാറ്റം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നടത്തിയേക്കുമെന്ന സൂചനകളുണ്ട്. രണ്ടാം സ്‌പിന്നറായി കുൽദീപ് യാദവിനെ നാളെ റാഞ്ചിയിൽ കളിപ്പിച്ചേക്കും. ഇന്നലെ പരിശീലനത്തിനും കുൽദീപ് ഏറെ സമയം ചെലവഴിച്ചിരുന്നു. ഇതും സാധ്യതകളുടെ വിശ്വാസം വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ഓൾറൗണ്ടർ ജഡേജയെ നിലനിർത്തി കുൽദീപ് ടീമിലെത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ ഉമേഷ് യാദവ് ടീമിന് പുറത്ത് പോകും.

Also Read: പരമ്പര ജയംകൊണ്ട് മാത്രം എല്ലാം പൂർത്തിയാകുന്നില്ല: വിരാട് കോഹ്‌ലി

റാഞ്ചിയിൽ നടക്കുന്ന മത്സരവും ജയിച്ച് വൈറ്റ്‌വാഷ് വിജയമാണ് ഇന്ത്യൻ ടീം ലക്ഷ്യമിടുന്നതെന്ന് വിരാട് കോഹ്‌ലി വ്യക്തമാക്കി കഴിഞ്ഞു. ലോക ടെസ്റ്റ് ചാംച്യൻഷിപ്പ് എന്ന വലിയ ചിത്രത്തിലേക്ക് നോക്കുമ്പോൾ ഓരോ വിജയവും വിലപ്പെട്ടതാണ്. അത് ഹോം മാച്ചാണെങ്കിലും എവേ മാച്ചാണെങ്കിലും അതാണ് ഫോർമാറ്റ്. അതുകൊണ്ടു തന്നെ മൂന്നാം ടെസ്റ്റിലും ഒരു അടി പോലും പിന്നോട്ടില്ല. ഒരു ഘട്ടത്തിലും ആരും വിശ്രമിക്കാൻ പോകുന്നില്ല. മൂന്നാം ടെസ്റ്റും വിജയിച്ച് 3-0ന് പരമ്പര സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.

വിശാഖപട്ടണം ടെസ്റ്റിൽ 203 റൺസിനും പൂനെ ടെസ്റ്റിൽ ഇന്നിങ്സിനും 137 റൺസിനുമാണ് ഇന്ത്യ പ്രൊട്ടിയാസുകളെ തകർത്തത്.

Also Read: തോൽവിയെ വിരാട് കോഹ്‌ലി ഭയപ്പെടുന്നില്ല; ഇന്ത്യൻ നായകന്റെ പ്ലസ് പോയിന്റിനെക്കുറിച്ച് ഗംഭീർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 137 നും ജയിക്കുമ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത് സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ 11 ടെസ്റ്റ് പരമ്പരകളെന്ന നേട്ടം കൂടിയാണ്. ഇതോടെ നാട്ടില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ പരമ്പരകള്‍ നേടുന്ന ടീമായി മാറിയിരിക്കുകയാണ് ഇന്ത്യ. പിന്നിലാക്കിയത് 10 പരമ്പര നേടിയ ഓസ്‌ട്രേലിയയെയാണ്. 2000 ലും 2008 ലും 10 പരമ്പരകള്‍ തുടര്‍ച്ചയായ ജയിച്ച ടീമാണ് ഓസ്‌ട്രേലിയ. 2013 ല്‍ ഓസ്‌ട്രേലിയയെ 4-0 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ പരമ്പരകളുടെ വിജയപരമ്പര തുടരുന്നത്.

Also Read: 25 ജയം, ഒരു തോല്‍വി; തുടര്‍ച്ചയായ 11-ാം പരമ്പര; ചരിത്രം കുറിച്ച് ഇന്ത്യയുടെ ‘ജയപരമ്പര’

ഇന്ത്യയുടെ സാധ്യതാ XI: രോഹിത് ശർമ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook