റാഞ്ചി: രോഹിത് ശര്‍മ്മയുടെ ഇരട്ട സെഞ്ചുറിയുടെ മൂന്നാം ടെസ്‌റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുമ്പോള്‍ 500 റണ്‍സിന് വെറും മൂന്ന് റണ്‍സ് മാത്രം അകലെയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 497 റണ്‍സാണ് ഇന്ത്യ എടുത്തത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിങ് ആരംഭിച്ചത്.

രോഹിത് ശര്‍മ്മയുടെ ഇരട്ട സെഞ്ചുറിയും അജിങ്ക്യ രഹാനെയുടെ സെഞ്ചുറിയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഹൈലൈറ്റ്. 255 പന്തുകളില്‍ നിന്നും 212 റണ്‍സാണ് രോഹിത് എടുത്തത്. രോഹിത്തിന്റെ ആദ്യ ടെസ്റ്റ് ഡബ്ബിള്‍ സെഞ്ചുറിയാണിത്. ആറ് സിക്‌സും 28 ഫോറും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. സിക്‌സിലൂടെയായിരുന്നു രോഹിത് 200 കടന്നതും.

Also Read: രണ്ട് വര്‍ഷമായിട്ടും ‘ശാപം’ വിട്ടൊഴിയുന്നില്ല; ഒമ്പതാം തവണയും ഡിആര്‍സില്‍ പിഴച്ച് കോഹ്‌ലി

കഴിഞ്ഞ കുറേക്കാലമായി ഇന്ത്യന്‍ മണ്ണില്‍ സെഞ്ചുറി നേടാനാകാതെ വലഞ്ഞിരുന്ന രഹാനെയും ഇന്ന് ഫോമിലേക്ക് ഉയര്‍ന്നു. രഹാനെ 192 പന്തില്‍ 115 റണ്‍സ് നേടി. ഒരു സിക്‌സും 17 ഫോറും അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്. ഇരുവരും ചേര്‍ന്ന് 267 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. മൂന്ന് 39 എന്ന നിലയില്‍ നിന്നുമാണ് ഇരുവരും ഇന്ത്യ കൈപിടിച്ചുയര്‍ത്തിയത്.

പിന്നാലെ വന്നവരില്‍ രവീന്ദ്ര ജഡേജ അര്‍ധ സെഞ്ചുറി നേടിയാണ് പുറത്തായത്. ജഡേജ 51 റണ്‍സും സാഹ 24 റണ്‍സും നേടിയപ്പോള്‍ വാലറ്റത്ത് വെടിക്കെട്ട് ബാറ്റിങ്ങുമായി ഉമേഷ് യാദവ് 31 റണ്‍സും കൂട്ടിച്ചേര്‍ത്തു. ഷമിയും നദീമുമായിരുന്നു ഡിക്ലയര്‍ ചെയ്യുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഒമ്പത് റണ്‍സെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. വെളിച്ചക്കുറവ് മൂലം ഇന്നത്തെ കളി അവസാനിപ്പിച്ചു.

നേരത്തെ ടീം സ്കോർ 39ൽ എത്തിയപ്പോഴേക്കും ഇന്ത്യയുടെ മൂന്ന് മുൻനിര ബാറ്റ്സ്മാന്മാരും കൂടാരം കയറിയിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ തന്നെ അക്കൗണ്ട് തുറക്കാതെ പൂജാരയും മടങ്ങി. റബാഡയാണ് രണ്ടു താരങ്ങളെയും പുറത്താക്കിയത്. പൂനെയിൽ ഇരട്ടസെഞ്ചുറി പ്രകടനവുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച നായകൻ വിരാട് കോഹ്‌ലിക്കും മൂന്നാം മത്സരത്തിൽ തിളങ്ങാനായില്ല.

ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. റാഞ്ചിയിലെ ജെഎസ്‌സിഎ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ് മത്സരം നടക്കുന്നത്. പരമ്പരയിലെ മൂന്ന് ടെസ്റ്റിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് ടോസ് സ്വന്തമാക്കിയത്. മൂന്നിലും ആദ്യം ബാറ്റ് ചെയ്യാനായിരുന്നു ഇന്ത്യന്‍ നായകന്റെ തീരുമാനം.

Also Read: Happy Birthday Viru: വീരന്‍ വീരുവിന് 41-ാം ജന്മദിനം

മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. റാഞ്ചിയിലും വിജയം ആവർത്തിച്ച് പരമ്പര തൂത്തുവാരാനാണ് വിരാട് കോഹ്‌ലിയും സംഘവും ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്. മൂന്നാം മത്സരവും ജയിക്കാനായാൽ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ നിർണായകമായ 120 പോയിന്റ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook