ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 113 പന്തില്‍ 82 റണ്‍സെടുത്ത കീഗന്‍ പീറ്റേഴ്സണാണ് ആതിഥേയരുടെ ജയം അനായാസമാക്കിയത്. റസി വാന്‍ ഡെര്‍ ഡ്യൂസണ്‍ (41), ടെമ്പ ബാവുമ (32) എന്നിവര്‍ പീറ്റേഴ്സണ് മികച്ച പിന്തുണ നല്കി. ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്സില്‍ ജസ്പ്രിത് ബുംറ, ഷാര്‍ദൂല്‍ താക്കൂര്‍, മുഹമ്മദ് ഷമി എന്നിവര്‍ ഓരൊ വിക്കറ്റ് നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-1 ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
101-2 എന്ന നിലയില്‍ നാലാം ദിനം കളിയാരംഭിച്ച ആതിഥേയര്‍ക്ക് ഒരു തരത്തിലുമുള്ള വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യയ്ക്കായില്ല. ഡ്യൂസണെ കൂട്ടുപിടിച്ച് പീറ്റേഴ്സണ് കളി മെനയുകയായിരുന്നു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 54 റണ്‍സാണ് ചേര്‍ത്തത്. രണ്ട് ഇന്നിങ്സുകളിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലാകാന്‍ പീറ്റേഴ്സണ് സാധിച്ചു. 82 റണ്‍സെടുത്ത താരത്തിന്റെ ഇന്നിങ്സില്‍ 10 ഫോറുകളാണ് പിറന്നത്. താക്കൂറാണ് പീറ്റേഴ്സണെ പുറത്താക്കിയത്. ദക്ഷിണാഫ്രിക്കയെ ശക്തമായ നിലയിലെത്തിച്ചതിന് ശേഷമായിരുന്നു പീറ്റേഴ്സണിന്റെ മടക്കം.
പീറ്റേഴ്സണിന്റെ വിക്കറ്റ് വീണതോടെ ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷ ഉയര്‍ന്നെങ്കിലും ബാവുമയും ഡ്യൂസണും ചേര്‍ന്ന് അപകടങ്ങളില്ലാതെ ടീമിനെ ജയത്തിലേക്ക് നയിച്ചു. ബോളര്‍മാരെ കടന്നാക്രമിച്ചുകൊണ്ടുള്ള ബാവുമയുടെ രീതി ഇത്തവണയും തുടര്‍ന്നു. പിച്ചില്‍ നിന്ന് കാര്യമായ പിന്തുണ ലഭിക്കാത്ത ഇന്ത്യന്‍ ബോളര്‍മാരുടെ പന്തുകള്‍ ബാവുമ ബൗണ്ടറി കടത്തി. നാലാം വിക്കറ്റില്‍ ഡ്യൂസണും ബാവൂമയും ചേര്‍ന്ന് 57 റണ്‍സാണ് ചേര്‍ത്തത്.
നേരത്തെ 13 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 198 റണ്‍സിനായിരുന്നു പുറത്തായത്. സെഞ്ചുറി നേടിയ റിഷഭ് പന്ത് മാത്രമായിരുന്നു ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. കോഹ്ലി (29), കെ. എല്‍. രാഹുല്‍ (10) എന്നിവരൊഴിച്ച് മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. പരമ്പരയിലുടനീളം മുതിര്‍ന്ന താരങ്ങളായ ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും പരാജയപ്പെട്ടതാണ് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായത്.
Also Read: വളരെ അപക്വമായ പെരുമാറ്റം, ഈ രീതിയിൽ നിങ്ങൾക്ക് മാതൃകയാകാൻ കഴിയില്ല: കോഹ്ലിക്കെതിരെ ഗംഭീർ