ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിലും ചേതേശ്വർ പൂജാര റൺഔട്ടിലൂടെയാണ് പുറത്തായത്. തുടർച്ചയായ രണ്ടു ടെസ്റ്റുകളിൽ റൺഔട്ടിലൂടെ പുറത്തായതോടെ പൂജാരെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തം പേരിൽ എഴുതിച്ചേർത്തു. രണ്ട് ഇന്നിങ്സുകളിലും റണ്ണൗട്ട് ആകുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് പൂജാരെയുടെ പേരിൽ ആയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രണ്ട് ഇന്നിങ്സുകളിലും റണ്ണൗട്ട് ആകുന്ന ആദ്യ താരമെന്ന റെക്കോർഡും പൂജാരെയുടെ പേരിലായി.

ആദ്യ ഇന്നിങ്സിൽ ആദ്യ പന്തിൽത്തന്നെയാണ് പൂജാരെ റൺഔട്ടായത്. ഇല്ലാത്ത റൺസിന് ഓടിയ പൂജാരെയെ എൻഡിഡിയുടെ ഡയറക്ട് ത്രോയാണ് വീഴ്ത്തിയത്. റൺസിനായുളള ഓട്ടത്തിൽ വേഗതക്കുറവുള്ള താരമാണ് പൂജാരെ. ആദ്യ ഇന്നിങ്സിൽ അക്കൗണ്ട് തുറക്കും മുൻപാണ് പൂജാരെയുടെ മടക്കം. രണ്ടാം ഇന്നിങ്സിൽ 19 റൺസായിരുന്നു ഇന്ത്യൻ താരത്തിന്റെ സമ്പാദ്യം. രണ്ടാം ടെസ്റ്റിൽ റബാദയുടെ പന്തിൽ പട്ടേൽ കളിച്ച ഷോട്ടിൽ മൂന്നാം റൺസിനായി ഓടുമ്പോഴാണ് പൂജാരെ പുറത്തായത്.

ആദ്യ രണ്ടു ടെസ്റ്റുകളിൽനിന്നും പാഠം പഠിച്ച പൂജാരെ മൂന്നാം ടെസ്റ്റിൽ നാണക്കേടിന്റെ റെക്കോർഡ് ആവർത്തിക്കാതെയാണ് കളിച്ചത്. ഓരോ ബോളും തന്ത്രപൂർവം പൂജാരെ വിട്ടു. പൂജാരെയുടെ ബാറ്റിങ് ശൈലി കൊണ്ട് ദക്ഷിണാഫ്രിക്കൻ ബോളർമാരും സഹികെട്ടു. ഒടുവിൽ 54-ാമത്തെ ബോളിൽ പൂജാരെ ആദ്യ റൺസ് നേടി. എൻഗിഡിയുടെ ബോളിലായിരുന്നു പൂജാരെ അക്കൗണ്ട് തുറന്നത്. ഒരു റൺസ് കിട്ടിക്കഴിഞ്ഞപ്പോൾ പൂജാരെയുടെ മുഖത്ത് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

54 ബോൾ വരെ റൺഔട്ട് ആവാതെ പിടിച്ചുനിന്ന് ആദ്യ റൺസ് നേടിയ പൂജാരെയുടെ പ്രകടനത്തെ ഇന്ത്യൻ ടീം അംഗങ്ങളും കൈയ്യടിച്ചു. ഡ്രസിങ് റൂമിൽ ഇരുന്ന രഹാനെയും ധവാനും ചിരിച്ചുകൊണ്ടാണ് പൂജാരെയ്ക്ക് കൈയ്യടി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ