ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ആശ്വാസ ജയം തേടി ഇന്ത്യ ഇന്ന് ഇറങ്ങും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് കളികളും ആതിഥേയര്‍ സ്വന്തമാക്കിയിരുന്നു. കെ. എല്‍. രാഹുലിന്റെ കീഴില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല എന്നതാണ് തിരിച്ചടിയായത്. രണ്ട് മത്സരങ്ങളില്‍ നിന്ന് നേടിയത് കേവലം ഏഴ് വിക്കറ്റുകള്‍ മാത്രമാണ്.
മധ്യ ഓവറുകളില്‍ ദക്ഷിണാഫ്രിക്കയുടെ കൂട്ടുകെട്ടുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോലും ബോളിങ് നിരയ്ക്ക് സാധിച്ചിരുന്നില്ല. പരിചയസമ്പന്നരായ രവിചന്ദ്രന്‍ അശ്വിനും ഭുവനേശ്വര്‍ കുമാറും താളം കണ്ടെത്താത്തതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. അശ്വിന് പകരം ജയന്ത് യാദവ് ടീമിലെത്താനുള്ള സാധ്യതകള്‍ തുറന്നിരിക്കുകയാണ്.
മുഹമ്മദ് സിറാജ്, നവദീപ് സൈനി, ദീപക് ചഹര്‍ എന്നിവരും അവസരത്തിനായി കാത്തിരിക്കുകയാണ്. പ്രസീദ് കൃഷ്ണയും സാധ്യതാ പട്ടികയില്‍ ഉണ്ടെങ്കിലും പരിചയസമ്പത്തിലെ കുറവ് താരത്തിന് തിരിച്ചടിയായേക്കും. ടീം ഘടനയില്‍ കാര്യമായ മാറ്റം എന്തായാലും പ്രതീക്ഷിക്കാം. കാരണം പാള്‍ സ്റ്റേഡിയത്തില്‍ ചെയ്സിങ്ങിലും, പ്രതിരോധത്തിലും ഇന്ത്യ പരാജയം രുചിച്ചു.
മറ്റൊരു പ്രധാന ആശങ്ക ഇന്ത്യയുടെ ബാറ്റിങ് നിരയാണ്. മധ്യനിര രണ്ട് ഏകദിനങ്ങളിലും പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല. ശ്രേയസ് അയ്യര്‍, വെങ്കിടേഷ് അയ്യര്‍ എന്നിവരില്‍ ഒരാള്‍ക്ക് പകരം സൂര്യകുമാര്‍ യാദവ് ടീമിലിടം പിടിച്ചേക്കും. ശിഖര്‍ ധവാന്, കെ. എല്‍. രാഹുല്‍, റിഷഭ് പന്ത്, വിരാട് കോഹ്ലി എന്നിവര്‍ ഫോമിലാണ്.
മറുവശത്ത് പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കും വിധമാണ് ദക്ഷിണാഫ്രിക്കയുടെ പ്രകടനം. എ ബി ഡീവില്ലിയേഴ്സ്, ഹാഷിം അംല, ഡെയില്‍ സ്റ്റെയിന്, തുടങ്ങിയ വമ്പന്‍ താരനിര അരങ്ങൊഴിഞ്ഞതിന് ശേഷം ടീമിന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ് ഇന്ത്യയ്ക്കെതിരെ സംഭവിച്ചിരിക്കുന്നത്. ടെസ്റ്റ് ഏകദിന പരമ്പരകള്‍ തുടങ്ങുന്നതിന് മുന്‍പ് ആധിപത്യം ഇന്ത്യയ്ക്കൊപ്പമായിരുന്നു. പക്ഷെ ദക്ഷിണാഫ്രിക്ക അപ്രതീക്ഷിത തിരിച്ചു വരവാണ് നടത്തിയത്.
Also Read: അണ്ടര്‍ 19 ലോകകപ്പ്: ഉഗാണ്ടയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; 326 റണ്‍സ് വിജയം