ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക കൂറ്റൻ തോൽവിയിലേക്ക്. ഇന്ത്യ ഉയർത്തിയ 395 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ വൻ തകർച്ചയിലേക്ക് വീഴുകയായിരുന്നു. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 246 റൺസ് പിറകിലാണ്. രണ്ട് വിക്കറ്റുകൾ മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് ബാക്കിയുള്ളത്.

ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് ഒമ്പത് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമാവുകയായിരുന്നു. അശ്വിനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ബവുമയെ ഷമിയും എൾഗറെ ജഡേജയും പുറത്താക്കി.

കൃത്യമായ ഇടവേളകളിൽ ഷമിയും ജഡേജയും ദക്ഷിണാഫ്രിക്കൻ താരങ്ങളെ കൂടാരം കയറ്റി. ആദ്യ ഇന്നിംഗ്‌സില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ക്വിന്‍റണ്‍ ഡികോക്ക്- ഫാഫ് ഡുപ്ലസിസ് കൂട്ടുകെട്ടും ഇക്കുറി വിജയിച്ചില്ല. ഫാഫിനെയും(13), ഡികോക്കിനെയും(0) ഷമി ബൗള്‍ഡാക്കി. 39 റണ്‍സെടുത്ത് ജഡേജക്ക് കീഴടങ്ങിയ ഏയ്‌ഡന്‍ മാര്‍ക്രാമിന് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. ഒമ്പതാം വിക്കറ്റിൽ ഒത്തുചേർന്ന മുത്തുസ്വാമി – പിയറ്റ് സഖ്യം പ്രതിരോധിച്ച് ക്രീസിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

ഒന്നാം ഇന്നിങ്‌സില്‍ 71 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 323 ആയപ്പോള്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ രോഹിത് ശര്‍മ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി നേടി. 149 പന്തില്‍ നിന്ന് ഏഴ് സിക്‌സറുകളും പത്ത് ഫോറുകളും അടക്കം 127 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. ചേതേശ്വര്‍ പൂജാര 81 റണ്‍സ് നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook