ഇന്ത്യയുടെ ട്വന്റി 20 ടീമിലേക്ക് തിരികെ എത്തിയിരിക്കുകയാണ് സുരേഷ് റെയ്ന. 2019 ലോകകപ്പ് അടുത്തിരിക്കെ തന്റെ പ്രകടനം ഏകദിന ടീമിലേക്കുളള തിരിച്ചുവരവിന് നിര്‍ണായകമാകുമെന്ന് റെയ്ന വ്യക്തമാക്കി.

‘ടൂര്‍ണമെന്റ് ജയിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. ടീമിനെ നോക്കുമ്പോള്‍ എല്ലാവരും നന്നായി കളിക്കുന്നവരാണ്. മധ്യനിരയില്‍ ധോണിയും ഹര്‍ദ്ദിക് പാണ്ഡ്യയും മികച്ച പ്രകടനക്കാരാണ്. എനിക്ക് എവിടെയാണ് സ്ഥാനമെന്ന് കാണേണ്ടിയിരിക്കുന്നു. ഇനിയും ഒരാപാട് മത്സരങ്ങള്‍ വരാനുണ്ട്. ഏത് ഫോര്‍മാറ്റില്‍ കളിക്കുന്നു എന്നതിനേക്കാള്‍ കളി വിജയിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. ഇന്ത്യയ്ക്കായുളള എല്ലാ കളികളും എനിക്ക് പ്രധാനപ്പെട്ടതാണ്’, റെയ്ന പറഞ്ഞു.

‘വിരാട് കോഹ്ലി എന്നില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട്. ആക്രമിച്ച് കളിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ ആദ്യ ആറ് ഓവറുകളില്‍ മേല്‍ക്കൈ നമുക്കായിരുന്നു. ഈ സമയത്ത് നന്നായി കളിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്’, റെയ്ന പറഞ്ഞു.

പരമ്പരയിലെ അവസാന മത്സരം ഇന്ന് കേപ്ടൗണില്‍ നടക്കും. ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.വലിയ താരങ്ങളില്ലെങ്കിലും ജയിക്കാമെന്ന് ദക്ഷിണാഫ്രിക്ക കാണിച്ചുതന്ന മത്സരമായിരുന്നു സെഞ്ചൂറിയനിലേത്. ഡ്യൂപ്ലസിസും ഡിവില്യേഴ്‌സും കളിക്കാതിരുന്നിട്ടും ക്ലാസന്റെയും ഡുമിനിയുടെയും ഇന്നിങ്‌സ് മാത്രം മതിയായിരുന്നു ഇന്ത്യക്കെതിരായ കളി ജയിപ്പിക്കാന്‍. ഈ പാഠമുള്‍ക്കൊണ്ടാകും ഇന്ത്യ അവസാന മത്സരത്തിനിറങ്ങുക. മികച്ച ബാറ്റ്‌സ്മാന്മാര്‍ ഉണ്ടായിട്ടും ചിലര്‍ മാത്രമാണ് ടീം ബ്ലൂവിനായി കളിക്കുന്നത്.

ഹിറ്റ്മാന്‍ രോഹിത് ശര്‍മ പരമ്പരയില്‍ പരാജയമായി. ധവാന്‍, കോഹ്‌ലി, മനീഷ് പാണ്ഡെ എന്നിവര്‍ക്കൊപ്പം സൂപ്പര്‍ഷോട്ടുകളുമായി ധോണി കഴിഞ്ഞ കളിയില്‍ തിളങ്ങിയത് പ്രതീക്ഷയാണ്. മികച്ചൊരു ഓള്‍റൗണ്ടറുടെ അഭാവം ഹാര്‍ദിക് പാണ്ഡ്യയില്‍ നിഴലിക്കുന്നുണ്ട്. യുസ്‌വേന്ദ്ര ചാഹലെന്ന ബൗളര്‍ അമ്പേ പരാജയപ്പെട്ട മത്സരമായിരുന്നു സെഞ്ചൂറിയനില്‍. ടി20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത ബൗളറെന്ന ചീത്തപേര്‍ കേട്ട ചാഹലിനെ പക്ഷെ മൂന്നാം മത്സരത്തില്‍ കോഹ്‌ലി കൈവിട്ടേക്കില്ല.

കുല്‍ദീപിന് അവസരം നല്‍കുമോ എന്ന് കണ്ടറിയാം. ഭുവനേശ്വര്‍ കുമാര്‍ നല്ല രീതിയില്‍ പന്തെറിയുന്നുണ്ട്. ദിനേശ് കാര്‍ത്തികിനെ പരിഗണിക്കാനും സാധ്യതയുണ്ട്. അതേസമയം കഴിഞ്ഞ തവണത്തെ ടീമിനെ ദക്ഷിണാഫ്രിക്ക നിലനിര്‍ത്തിയേക്കും. കേപ്‌ടൌണിലേത് പുതിയ പിച്ചായതിനാല്‍ ഇരുടീമും കൂടുതല്‍ ജാഗ്രതയിലാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ