ഓരോ മത്സരം കഴിയുന്തോറും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ക്രിക്കറ്റ് ലോകത്തെ പ്രശംസ പിടിച്ചുപറ്റുകയാണ്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണെന്ന് പറയുകയാണ് പാക്കിസ്ഥാൻ മുൻതാരം ഷൊയ്ബ് അക്തർ. ഐസിസി ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായതിനുശേഷം കോഹ്‌ലി തന്റെ തെറ്റുകളിൽനിന്നും പാഠം പഠിച്ചുവെന്നും അക്തർ പറഞ്ഞു.

”2019 ലെ ലോകകപ്പിനുശേഷം വിരാട് കോഹ്‌ലി നല്ലൊരു ക്യാപ്റ്റനായി മാറുമെന്ന് ഞാൻ മുൻപു പറഞ്ഞിരുന്നു. കാരണം അദ്ദേഹം തന്റെ തെറ്റുകളിൽനിന്നു പാഠം പഠിക്കുന്നുണ്ട്. ബാറ്റിങ് ഓർഡർ എങ്ങനെ ക്രമീകരിക്കണമെന്ന് അദ്ദേഹം മനസിലാക്കി. ഈ നിമിഷം ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് കോഹ്‌ലി. നിലവിലെ മറ്റു ക്യാപ്റ്റന്മാരെക്കാൾ മൈലുകൾ അകലെയാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഭയമില്ലാത്ത ക്യാപ്റ്റനാണ് വിരാട് കോഹ്‌ലി എന്നതാണ് എനിക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടാനുളള കാരണം” തന്റെ യൂട്യൂബ് ചാനൽ വീഡിയോയിൽ അക്തർ പറഞ്ഞു.

”സ്വന്തം മണ്ണിൽ തുടർച്ചയായ 11-ാം ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യ. വ്യക്തിഗത സ്കോറിനെക്കുറിച്ച് ചിന്തിക്കാത്ത നിർഭയനായ ക്യാപ്റ്റനാണ് ഇന്ത്യയ്ക്കുളളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ 254 റൺസ് നേടിയശേഷമുളള അദ്ദേഹത്തിന്റെ തീരുമാനം അഭിനന്ദനാർഹമാണ്. വ്യക്തിഗത നേട്ടം നോക്കാതെ ഡിക്ലെയർ ചെയ്തതിലൂടെ അദ്ദേഹം തന്റെ രാജ്യത്തിനാണ് മുൻഗണന നൽകിയത്. വിരാട് കോഹ്‌ലിയെ ഞാൻ ഇഷ്ടപ്പെടുന്നത് അതിനാലാണ്” അക്തർ പറഞ്ഞു.

ദക്ഷിണാഫ്രിക്കയെ രണ്ടാം ടെസ്റ്റിൽ തോൽപ്പിച്ചതോടെ സ്വന്തം മണ്ണിൽ തുടർച്ചയായ 11 ടെസ്റ്റ പരമ്പര എന്ന നേട്ടമാണ് ഇന്ത്യ നേടിയത്. ഇതോടെ നാട്ടില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ പരമ്പരകള്‍ നേടുന്ന ടീമായി മാറി ഇന്ത്യ. മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടിയ വിരാട് കോഹ്‌ലി ചില റെക്കോർഡുകളുമിട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ കളിക്കാരനായി വിരാട് കോഹ്‌ലി മാറി. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് കോഹ്‌ലി ടെസ്റ്റ് കരിയറിലെ തന്റെ ഏഴാം ഇരട്ട സെഞ്ചുറി നേടിയത്. വിരേന്ദർ സെവാഗിന്റെയും സച്ചിൻ ടെൻഡുൽക്കറുടെയും റെക്കോർഡാണ് കോഹ്‌ലി മറികടന്നത്. ഇരുവരും ആറു തവണയാണ് ഇരട്ട സെഞ്ചുറി നേടിയത്.

Read Also: ഇരട്ട സെഞ്ചുറി ‘വീരൻ’, സച്ചിനെയും സെവാഗിനെയും പിന്നിലാക്കി വിരാട് കോഹ്‌ലി

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറികൾ നേടിയ കളിക്കാരുടെ പട്ടികയിൽ ഇംഗ്ലണ്ടിന്റെ വാലി ഹാമൻഡിനും ശ്രീലങ്കയുടെ മഹേല ജയവർധനയ്ക്കുമൊപ്പം കോഹ്‌ലിയെത്തി. പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണ് കോഹ്‌ലി. ഡോൺ ബ്രാഡ്മാൻ (12), കുമാർ സംഗക്കാര (11), ബ്രെയ്ൻ ലാറ (9) എന്നിവരാണു കോഹ്‌ലിക്കു മുന്നിലുളളത്. ഏറ്റവും കൂടുതൽ തവണ 150 റൺസ് കടക്കുന്ന ക്യാപ്റ്റനെന്ന റെക്കോർഡും കോഹ്‌ലി തകർത്തു. ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാനെയാണ് കോഹ്‌ലി പിന്നിലാക്കിയത്. ഒൻപതു തവണയാണ് കോഹ്‌ലി 150 റൺസ് കടന്നത്. ബ്രാഡ്മാന്റെ പേരിൽ എട്ടെണ്ണമാണുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook