ഒരു റണ്‍സ് പോലും നേടാതെ ക്രിക്കറ്റില്‍ റെക്കോര്‍ഡ് സാധ്യമാകുമോ? ആകുമെന്ന് തന്നെയാണ് ഇന്ന് ശിഖര്‍ ധവാന്റെ ഇന്നിംഗിലൂടെ മനസ്സിലാവുക. ജോഹന്നാസ്ബെര്‍ഗില്‍ കളിക്കളത്തിലേക്ക് ഇറങ്ങി ആദ്യ പന്ത് നേരിട്ടപ്പോള്‍ തന്നെ ധവാന്റെ അക്കൗണ്ടില്‍ ഒരു റെക്കോര്‍ഡ് ചേര്‍ക്കപ്പെട്ടു. അതും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ പിറകിലാക്കുന്ന റെക്കോര്‍ഡ്.

100 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ധവാന്റെ പേരിലായത്. 100ാം മത്സരമായ ഇന്ന് കളത്തില്‍ ഇറങ്ങും മുമ്പ് തന്നെ ആ റെക്കോര്‍ഡ് (4200 റണ്‍സ്) അദ്ദേഹത്തിന് സ്വന്തമായുണ്ട്. കൂടാതെ ഇന്ന് സെഞ്ചുറി കൂടി നേടി ധവാന്‍ ഏറെ മുന്നിലുമായി. 12 സെഞ്ചുറികളും 25 ഫിഫ്റ്റികളും അടക്കമാണ് ധവാന്റെ ഇന്നിംഗ്സുകള്‍. 100 കളികളില്‍ നിന്ന് കോഹ്ലി നേടിയത് 4107 റണ്‍സാണ്. ഇതോടെ കോഹ്ലി നാലാം സ്ഥാനത്തും ധവാന്‍ രണ്ടാം സ്ഥാനത്തും എത്തി.

ഹാഷിം അംലയാണ് ഒന്നാം സ്ഥാനത്ത്(4808) റണ്‍സ്. ഡേവിഡ് വാര്‍ണറാണ് (4217റണ്‍സ്) മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ഏകദിനം വെളിച്ചക്കുറവും ഇടിമിന്നലും കാരണം തടസ്സപ്പെട്ടെങ്കിലും പുനരാംരംഭിച്ചു. ഇന്ത്യ ശക്തമായ നിലയില്‍ നില്‍ക്കുമ്പോഴാണ് മത്സരം തടസ്സപ്പെട്ടത്. 34.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഓപണര്‍ ശിഖര്‍ധവാന്‍(107*) സെഞ്ചുറി നേടി പുറത്താകാതെ നില്‍ക്കുകയാണ്. 75 റണ്‍സെടുത്ത വിരാട് കോഹ്ലി പുറത്തായി.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ മോശം ഫോം രോഹിത് ശര്‍മ്മ(5) തുടര്‍ന്നതോടെ ഇന്ത്യക്ക് തുടക്കത്തിലേ വിക്കറ്റ് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനും വിരാട് കോഹ്ലിയും ഒത്തുചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോറിംങ് മുന്നേറി. 158 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് അവരുടെ കൂട്ടുകെട്ട് പിരിഞ്ഞത്. 83 പന്തില്‍ 75 റണ്‍സ് നേടിയ കോഹ്ലിയെ മോറിസ് പുറത്താക്കിയത് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമായി. ഏകദിന പരമ്പരയില്‍ ഇതുവരെ 392 റണ്‍സ് നേടിയ കോഹ്ലിയുടെ റണ്‍ ശരാശരി 196 വരും!

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ