ഇന്ത്യക്കെതിരെ പൂനെ ടെസ്റ്റിൽ ഫോളോ ഓൺ ചെയ്യുന്ന ദക്ഷിണാഫ്രിക്ക തകർച്ചയിലേക്ക്. നാലാം ദിനം ചായക്ക് പിരിയുമ്പോൾ പ്രൊട്ടിയാസുകൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെന്ന നിലയിലാണ്. ഇന്ത്യയുർത്തിയ സ്കോറിനേക്കാൾ 154 റൺസ് ഇപ്പോഴും പിറകിലാണ് ദക്ഷിണാഫ്രിക്ക.

നാലാം ദിനവും ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. അക്കൗണ്ടു തുറക്കുന്നതിന് മുമ്പുതന്നെ എയ്ഡൻ മർക്രാമിനെ മടക്കി ഇഷാന്ത് ശർമ്മ ഇന്ത്യക്ക് പച്ചക്കൊടി കാണിച്ചു. പിന്നാലെ ത്യൂനിസ് ബ്യൂണിനെ ഉമേശ് യാദവും പുറത്താക്കി. ഫാഫ് ഡു പ്ലെസിസിനെയും തകർത്തടിച്ച് മുന്നേറിയ ഡീൻ എൾഗറെയും അശ്വിനും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ മുൻനിര വീണു.

ഒന്നാം ഇന്നിങ്സിൽ വന്‍ തകര്‍ച്ചയില്‍നിന്നു ദക്ഷിണാഫ്രിക്കയെ കൈ പിടിച്ചുയര്‍ത്തിയത് വാലറ്റമാണ്. ഒമ്പതാം വിക്കറ്റില്‍ കേശവ് മഹാരാജും വെര്‍നന്‍ ഫിലാന്‍ഡറും ചേര്‍ന്നുള്ള സെഞ്ചുറി കൂട്ടുകെട്ടിന്റെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 275 റണ്‍സെടുത്തത്.

നാല് വിക്കറ്റ് നേടിയ അശ്വിനാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ തിളങ്ങിയത്. ദക്ഷിണാഫ്രിക്കയുടെ മുന്‍നിരയെ തകര്‍ത്ത ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ജഡേജ ഒരു വിക്കറ്റ് നേടി.

Also Read: ‘പടത്തലവനൊത്ത പോരാളി’; കോഹ്‌ലിയുടെ ക്ലാസ് ക്യാച്ചിന് സാഹയുടെ മാസ് മറുപടി

മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ അതിവേഗം മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക വലിയ തകര്‍ച്ച മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ മധ്യനിരയില്‍ നായകന്‍ ഫാഫ് ഡുപ്ലെസിസും ക്വിന്റണ്‍ ഡികോക്കും ചേര്‍ന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ടു പേരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക വീണ്ടും തകര്‍ച്ച നേരിട്ടു. എന്നാല്‍ ഒമ്പതാം വിക്കറ്റിലെ റെക്കോര്‍ഡ് കൂട്ടുകെട്ടിലൂടെ കേശവ് മഹാരാജും വെര്‍നന്‍ ഫിലാന്‍ഡറും ചേര്‍ന്ന് ടീമിനെ നാണക്കേടില്‍നിന്നു രക്ഷപ്പെടുത്തി.

മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. താരം 132 പന്തുകളില്‍നിന്നു 72 റണ്‍സ് നേടി. ഫിലാന്‍ഡര്‍ 192 പന്തുകളില്‍ 44 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഉയര്‍ന്ന ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook