പൂനെ: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്ക തകർച്ചയിലേക്ക്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 601 റൺസ് പിന്തുടരുന്ന ദക്ഷിണാഫ്രിക്കക്ക് 33 റൺസെടുക്കുന്നതിനിടയിൽ മൂന്ന് മുൻനിര വിക്കറ്റ് നഷ്ടമായി. മടങ്ങിവരവിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഉമേശ് യാദവാണ് ദക്ഷിണാഫ്രിക്കയുടെ തകർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 36 റൺസിന് മൂന്ന് വിക്കറ്റെന്ന നിലയിലാണ്.

മറുപടി ബാറ്റിങ്ങിൽ എയ്ഡൻ മർക്രാമിന്റെ വിക്കറ്റാണ് പ്രൊട്ടിയാസുകൾക്ക് ആദ്യം നഷ്ടമായത്. ടീം സ്കോർ രണ്ടിൽ നിൽക്കെ അക്കൗണ്ട് പോലും തുറക്കാൻ അനുവദിക്കാതെ ഉമേശ് എയ്ഡനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. അടുത്ത ഓവറിൽ ഡീൻ എൾഗറെയും ഉമേശ് തന്നെ പുറത്താക്കി. മൂന്നാം വിക്കറ്റ് മുഹമ്മദ് ഷമിക്കായിരുന്നു. ടെമ്പ ബവുമായെ വൃദ്ധിമാൻ സാഹയുടെ കൈകളിൽ എത്തിച്ച ഷമി ദക്ഷിണാഫ്രിക്കയ്ക്ക് ഇരട്ടിപ്രഹരമേൽപ്പിച്ചു.

Also Read: സന്ദേശ് ജിങ്കനു പരുക്ക്; സീസൺ തുടങ്ങുന്നതിനു മുമ്പേ കേരള ബ്ലാസ്റ്റേഴ്സിനു തിരിച്ചടി

നേരത്തെ ക്രീസിലെത്തിയ ബാറ്റ്സ്മാന്മാരെല്ലാം തകർത്തടിച്ചതോടെ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ കൂറ്റൻ സ്കോർ കണ്ടെത്തുകയായിരുന്നു. ഒന്നാം ഇന്നിങ്സ് ഇന്ത്യ 601 റൺസിന് ഡിക്ലയർ ചെയ്തു. വിരാട് കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറിയും മായങ്ക് അഗർവാളിന്റെ സെഞ്ചുറിയും ജഡേജ, പൂജാര, രഹാനെ എന്നിവരുടെ അർധസെഞ്ചുറിയുമാണ് ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. സെഞ്ചുറിക്ക് ഒമ്പത് റൺസകലെ ജഡേജ പുറത്തായതിന് പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

Also Read: അവസാന ഓവറുകളിൽ വെടിക്കെട്ടുമായി ജഡേജ-കോഹ്‌ലി സഖ്യം; ഇന്ത്യ ഒന്നാം ഇന്നിങ്സ് 601 റൺസിന് ഡിക്ലയർ ചെയ്തു

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 273 റൺസെന്ന നിലയിൽ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇന്ത്യ തുടക്കം മുതൽ തകർത്തടിച്ചു. നായകനും ഉപനായകനും ചേർന്ന് നാലാം വിക്കറ്റിൽ 178 റൺസിന്റെ കൂട്ടുകെട്ടാണ് തീർത്തത്, സഖ്യം പൊളിച്ചത് മഹാരാജാണ്. എന്നാൽ കോഹ്‌ലി റൺസ് കുതിപ്പ് തുടർന്നു. അവസാന ഓവറുകളിൽ ആറ് റൺസിന് മുകളിലായിരുന്നു ഇന്ത്യയുടെ ശരാശരി. നിരന്തരം ബൗണ്ടറി പായിച്ച് ജഡേജയും കോഹ്‌ലിയും ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. 295 പന്തിൽ നിന്നാണ് കോഹ്‌ലി ഇരട്ട സെഞ്ചുറി തികച്ചത്. അവസാന സെഷനിൽ ടി20 ശൈലിയിലായിരുന്നു ഇന്ത്യൻ താരങ്ങളുടെ ബാറ്റിങ്.

വിരാട് കോഹ്‌ലി 336 പന്തുകളിൽ നിന്ന് 254 റൺസ് നേടി. 33 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്. 104 പന്തിൽ എട്ട് ഫോറും രണ്ടു സിക്സും ഉൾപ്പടെ 91 റൺസാണ് ജഡേജ സ്വന്തമാക്കിയത്. രഹാനെ 59 റൺസിനും പുറത്തായി. 112 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സും ഉൾപ്പടെ 58 റൺസെടുത്ത പൂജാര, 14 റൺസെടുത്ത രോഹിത്, 195 പന്തിൽ 108 റൺസ് നേടിയ മായങ്ക് അഗർവാൾ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്നലെ നഷ്ടമായത്.

Also Read: ഇരട്ട സെഞ്ചുറി ‘വീരൻ’, സച്ചിനെയും സെവാഗിനെയും പിന്നിലാക്കി വിരാട് കോഹ്‌ലി

അതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ കളിക്കാരനായി വിരാട് കോഹ്‌ലി. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് കോഹ്‌ലി ടെസ്റ്റ് കരിയറിലെ തന്റെ ഏഴാം ഇരട്ട സെഞ്ചുറി നേടിയത്. വിരേന്ദർ സെവാഗിന്റെയും സച്ചിൻ ടെൻഡുൽക്കറുടെയും റെക്കോർഡാണ് കോഹ്‌ലി മറികടന്നത്. ഇരുവരും ആറു തവണയാണ് ഇരട്ട സെഞ്ചുറി നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook