പൂനെ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ തകർത്തടിക്കുന്നു. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 273 റൺസെന്ന നിലയിലാണ്. ഓപ്പണർ മായങ്ക് അഗർവാളിന്റെ സെഞ്ചുറിയും ചേതേശ്വർ പൂജാരയുടെയും നായകൻ വിരാട് കോഹ്ലിയുടെയും അർധസെഞ്ചുറിയുമാണ് മികച്ച സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി മായങ്ക് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമ്മയെ നഷ്ടമായി. കഴിഞ്ഞ മത്സരത്തിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി തികച്ച രോഹിത് എന്നാൽ പൂനെയിൽ 14 റൺസിനാണ് ക്രീസ് വിട്ടത്. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന മായങ്ക് – പൂജാര സഖ്യമാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറ പാകിയത്. സെഞ്ചുറിയുമായി മുന്നേറിയ കൂട്ടുകെട്ട് തകർത്തതും റബാഡയായിരുന്നു. 112 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സും ഉൾപ്പടെ 58 റൺസെടുത്ത പൂജാരയെ റബാഡ ഡീ കോക്കിന്റെ കൈകളിൽ എത്തിച്ചു. നേരത്തെ രോഹിത്തിനെയും റബാഡയായിരുന്നു പുറത്താക്കിയത്.
Also Read: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ വീരനായകൻ വിരാട് കോഹ്ലി
പൂജാരയ്ക്ക് പിന്നാലെ ക്രീസിലെത്തിയ കോഹ്ലി മായങ്കിന് മികച്ച പിന്തുണ നൽകുന്നതോടൊപ്പം റൺസ് കണ്ടെത്തുകയും ചെയ്തു. എതിനിടയിൽ മായങ്ക് സെഞ്ചുറിയും തികച്ചു. 195 പന്തിൽ 108 റൺസ് നേടിയ ശേഷമാണ് താരം ക്രീസ് വിട്ടത്. 16 ഫോറും രണ്ട് സിക്സുമാണ് മായങ്കിന്റെ ഇന്നിങ്സിൽ പിറന്നത്. പിന്നീട് കോഹ്ലിയുടെ ഉഴമായിരുന്നു. അർധസെഞ്ചുറി തികച്ച് 63 റൺസുമായി ക്രീസിൽ പുറത്താകാതെ നിൽക്കുകയാണ് കോഹ്ലി. 18 റൺസുമായി ഉപനായകൻ രഹാനെയും ക്രീസിലുണ്ട്.
That will be Stumps on Day 1 in Pune. #TeamIndia 273/3. Kohli 63*, Rahane 18*. Join us for Day 2 tomorrow #INDvSA @Paytm pic.twitter.com/78HYVJAD2g
— BCCI (@BCCI) October 10, 2019
ദക്ഷിണാഫ്രിക്കക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയതും റബാഡയായിരുന്നു. രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിനുളള ടീമിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഓരോ മാറ്റം വരുത്തി. ഇന്ത്യൻ ടീമിൽ ഹനുമ വിഹാരിക്കു പകരം ഉമേഷ് യാദവിനെ ഉൾപ്പെടുത്തി. ദക്ഷിണാഫ്രിക്ക ഡെയ്ൻ പീറ്റിനു പകരം ആൻറിച് നോർജെ ടീമിൽ ഉൾപ്പെടുത്തി. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ് മത്സരം.
Also Read: ‘അക്കാര്യത്തിൽ മാറ്റം വേണം’; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനെക്കുറിച്ച് കോഹ്ലി
മൂന്നു മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയാണ് മുന്നിൽ. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 203 റൺസിന്റെ വമ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ മായങ്കിന്റെ ഇരട്ടസെഞ്ചുറി പ്രകടനം നിർണായക പങ്കുവഹിച്ചിരുന്നു.