scorecardresearch
Latest News

ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തി ഇന്ത്യൻ സ്പിന്നർമാർ; ഇന്ത്യക്ക് ജയിക്കാൻ 119 റൺസ്

ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 119 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത വിരാട് കോഹ്‌ലിയുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബോളർമാർ കാഴ്ചവച്ചത്. 5 വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലും 3 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവുമാണ് ദക്ഷിണാഫ്രിക്കയെ 118 റൺസിന് പുറത്താക്കിയത്.

വിരലിന് പരുക്കേറ്റ ഫാഫ് ഡുപ്ലിസിക്ക് പകരം എയ്ഡൻ മർക്രമാണ് ദക്ഷിണാഫ്രിക്കയെ നയിച്ചത്. ഇന്ത്യൻ പേസർമാരെ കരുതലോടെ നേരിട്ട അംലയും ഡിക്കോക്കും പതിയെയാണ് തുടങ്ങിയത്. എന്നാൽ സ്കോർ 39ൽ നിൽക്കെ ഹാഷിം അലയെ വീഴ്ത്തി ഭുവനേശ്വർ കുമാർ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു.

ഇന്ത്യൻ സ്പിന്നർമാർ പന്തെടുത്തതോടെ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു. 20 റൺസ് എടുത്ത ക്വിന്റൺ ഡിക്കോക്കിനെ പാണ്ഡ്യയുടെ കൈകളിൽ എത്തിച്ച് ചാഹൽ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം പ്രഹരം നൽകി. 8 റൺസ് എടുത്ത മർക്രാമിനെയും അക്കൗണ്ട് തുറക്കുന്നതിന് മുൻപ് ഡേവിഡ് മില്ലറെയെയും വീഴ്ത്തി കുൽദീപ് യാദവ് ദക്ഷിണാഫ്രിക്കയുടെ മധ്യനിരയെ തകർത്തു.

25 റൺസ് വീതം എടുത്ത് ജെപി ഡുമിനിയും കയാ സോൺഡോയും ദക്ഷിണാഫ്രിക്കയെ കരകയറ്റാൻ നോക്കിയെങ്കിലും ഇന്ത്യൻ സ്പിന്നർമാർ അനുവദിച്ചില്ല. ചാഹലിനെ അതിർത്തി കടത്താൻ ശ്രമിച്ച സോണ്ടോ പാണ്ഡ്യയുടെ ക്യാച്ചിൽ പുറത്തായപ്പോൾ ഡുമിനി വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. പൊരുതാൻ പോലും അനുവധിക്കാതെ വാലറ്റവും കീഴടങ്ങിയതോടെ കേവലം 32.2 ഓവറിൽ ദക്ഷിണാഫ്രിക്ക 118 റൺസിന് പുറത്താവുകയാവുകയായിരുന്നു.

8.2 ഓവറിൽ 22 റൺസ് വഴങ്ങിയാണ് ചാഹൽ 5 വിക്കറ്റ് വീഴ്ത്തിയത്. 6 ഓവറിൽ 20 റൺസ് വിട്ടുകൊടുത്താണ് കുൽദീപ് 3 വിക്കറ്റ് വീഴ്ത്തിയത്. ജസ്പ്രീത് ബുമ്രയും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs south africa second one day south africa all out in 118 runs