അംപയറുടെ ഡിആർഎസ്സിനെ (ഡിസിഷൻ റിവ്യൂ സിസ്റ്റം) ആരാധകർ ധോണി റിവ്യൂ സിസ്റ്റം എന്നു വിളിക്കുന്നത് ശരിയാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് മഹേന്ദ്ര സിങ് ധോണി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ഏകദിനത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ഡിആർഎസ് പാഴാക്കുന്നതിൽനിന്നും ധോണി വീണ്ടും രക്ഷപ്പെടുത്തി. ഇതിനു മുൻപും പല തവണ കോഹ്‌ലിയെ ഡിആർഎസ് വിളിക്കുന്നതിൽനിന്നും ധോണി വിലക്കിയിട്ടുണ്ട്. അപ്പോഴൊക്കെ ധോണിയുടെ തീരുമാനം ശരിയായിരുന്നു. ഇപ്പോഴിതാ വീണ്ടും ധോണിയുടെ തീരുമാനം തെറ്റിയില്ല.

7-ാം ഓവറിൽ ജസ്പ്രീത് ബുംറയുടെ ബോൾ നേരിട്ടത് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംലയായിരുന്നു. ബോൾ അംലയുടെ ബാറ്റിൽ തട്ടാതെ ധോണിയുടെ കൈകളിലേക്ക് എത്തി. ബാറ്റിൽ ബോൾ തട്ടിയെന്നു പറഞ്ഞ് ധോണി ഉൾപ്പെടെ ഇന്ത്യൻ താരങ്ങൾ വിക്കറ്റിനായി വിളിച്ചെങ്കിലും അംപയർ വിക്കറ്റ് നൽകിയില്ല. ഉടൻ തന്നെ രോഹിത് ശർമ്മ ഡിആർഎസ് വിളിക്കാൻ കോഹ്‌ലിക്ക് സിഗ്നൽ നൽകി. കോഹ്‌ലി തീരുമാനം അറിയാനായി ധോണിയുടെ മുഖത്തേക്ക് നോക്കി. തലയാട്ടലിലൂടെ ഡിആർഎസ് വിളിക്കേണ്ട എന്നു ധോണി മറുപടി നൽകി.

മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ വാക്കുകൾക്ക് മുൻതൂക്കം നൽകിയ കോഹ്‌ലി ഡിആർഎസ് ആവശ്യപ്പെട്ടില്ല. റീപ്ലേകളിൽ ധോണിയുടെ തീരുമാനം ശരിയായിരുന്നുവെന്നു വ്യക്തമായി. രോഹിത്തിന്റെ വാക്കുകൾ കേട്ട് ഡിആർഎസ് ആവശ്യപ്പെട്ടിരുന്നുവെങ്കിൽ അത് പാഴായി പോയേനെ.

നാലാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 5 വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. 6 മൽസരങ്ങളുളള പരമ്പരയിൽ 3-1ന് ഇന്ത്യ മുന്നിലാണ്. നാളെയാണ് 5-ാം ഏകദിനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook