റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയില്‍. വെളിച്ചക്കുറവിനെ തുടര്‍ന്ന് കളി നേരത്തെ തന്നെ നിറുത്താന്‍ തീരുമാനിക്കുകയായിരുന്നു.ഇതിനാല്‍ നാളെ അരമണിക്കൂര്‍ നേരത്തെ കളി ആരംഭിക്കും.

ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. രഹാനെ സെഞ്ചുറിയ്ക്ക് അരികിലെത്തി നില്‍ക്കുകയാണ്. നാളെ ഇന്ത്യ കളി പുനരാരംഭിക്കുമ്പോള്‍ രഹാനെയ്ക്ക് മൂന്ന് അക്കം കടക്കാനാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്.

രോഹിത് ശര്‍മ്മ 117 റണ്‍സുമായും രഹാനെ 83 റണ്‍സുമായും ക്രീസിലുണ്ട്. രോഹിത് 164 പന്തുകളില്‍ 14 ഫോറും നാല് സിക്‌സുമടക്കമാണ് 117 റണ്‍സ് നേടിയത്.രഹാനെ 135 പന്തില്‍ 11 ഫോറും ഒരു സിക്‌സുമടക്കം 83 റണ്‍സ് എടുത്തിട്ടുണ്ട്.

Also Read: യോ യോ ടെസ്റ്റ് വേണമെന്ന് പറഞ്ഞ സമയത്ത് നിങ്ങളായിരുന്നു പ്രസിഡന്റെങ്കിൽ!; ഗാംഗുലിയോട് യുവി

നേരത്തെ ടീം സ്കോർ 39ൽ എത്തിയപ്പോഴേക്കും ഇന്ത്യയുടെ മൂന്ന് മുൻനിര ബാറ്റ്സ്മാന്മാരും കൂടാരം കയറിയിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. പിന്നാലെ തന്നെ അക്കൗണ്ട് തുറക്കാതെ പൂജാരയും മടങ്ങി. റബാഡയാണ് രണ്ടു താരങ്ങളെയും പുറത്താക്കിയത്. പൂനെയിൽ ഇരട്ടസെഞ്ചുറി പ്രകടനവുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച നായകൻ വിരാട് കോഹ്‌ലിക്കും ഇന്ന് തിളങ്ങാനായില്ല.

Also Read: വാതുവയ്പ് കേസില്‍ ചരിത്ര വിധി; ദക്ഷിണാഫ്രിക്കന്‍ താരത്തിന് തടവ്

ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. റാഞ്ചിയിലെ ജെഎസ്‌സിഎ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ് മത്സരം നടക്കുന്നത്. പരമ്പരയിലെ മൂന്ന് ടെസ്റ്റിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് ടോസ് സ്വന്തമാക്കിയത്. മൂന്നിലും ആദ്യം ബാറ്റ് ചെയ്യാനായിരുന്നു ഇന്ത്യന്‍ നായകന്റെ തീരുമാനം.

Also Read: അയാള്‍ ഇപ്പോഴെന്താണ് ചെയ്തത്? രവി ശാസ്ത്രിയെക്കുറിച്ച് ഗാംഗുലി

മൂന്നാം ടെസ്റ്റില്‍ നിര്‍ണായക മാറ്റത്തോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഫാസ്റ്റ് ബോളര്‍ ഇഷാന്ത് ശര്‍മ റാഞ്ചി ടെസ്റ്റില്‍ കളിക്കില്ല. പകരം സ്പിന്നര്‍ ഷഹബാസ് നദീം കളത്തിലിറങ്ങും. നദീമിന് ഇത് കന്നി ടെസ്റ്റ് മത്സരമാണ്. കുല്‍ദീപ് യാദവ് തോളിലെ പരുക്ക് കാരണം കളിക്കാനിറങ്ങാത്തതും നദീബിന് തുണയായി.

മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. റാഞ്ചിയിലും വിജയം ആവർത്തിച്ച് പരമ്പര തൂത്തുവാരാനാണ് വിരാട് കോഹ്‌ലിയും സംഘവും ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്. മൂന്നാം മത്സരവും ജയിക്കാനായാൽ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ നിർണായകമായ 120 പോയിന്റ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook