ന്യൂഡൽഹി: കൊറോണ ഭീതിയിൽ ഐപിഎൽ മത്സരങ്ങൾ മാറ്റിവച്ചതിന് പിന്നാലെ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ അവശേഷിക്കുന്ന ഏകദിന മത്സരങ്ങളും ഉപേക്ഷിക്കും. കൊൽക്കത്തയിലും ലഖ്നൗവിലും നടക്കാനിരുന്ന മത്സരങ്ങളാണ് ഉപേക്ഷിച്ചത്. നേരത്തെ ധർമ്മശാലയിൽ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

രാജ്യം ഗുരുതരമായ പകർച്ചവ്യാധിയെ നേരിടുമ്പോൾ ഐപിൽ മാറ്റിവച്ചതുപോലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ഉപേക്ഷിക്കുകയാണെന്ന് മുതിർന്ന ബിസിസിഐ ഒഫീഷ്യൽ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു. ദക്ഷിണാഫ്രിക്കൻ ടീം ഡൽഹിലെത്തിയ ശേഷം എത്രയും വേഗം തന്നെ നാട്ടിലേക്ക് മടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Also Read: കൊറോണ പിടിച്ച കായിക ഇനങ്ങളും മത്സരങ്ങളും

നേരത്തെ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം സംഘടിപ്പിക്കാനായിരുന്നു ബിസിസിഐയുടെ തീരുമാനം. കേന്ദ്ര സർക്കാരിന്റെ നിർദേശമനുസരിച്ചായിരുന്നു ബിസിസിഐ മത്സരം കാണികളില്ലാതെ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ കൊറോണ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മത്സരങ്ങൾ ഉപേക്ഷിക്കുന്നതിലേക്ക് ബിസിസിഐ എത്തുകയായിരുന്നു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ബിസിസിഐ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഏപ്രില്‍ 15 വരെ മാറ്റിവച്ചിരിക്കുന്നത്. മാറ്റം കൂടാതെ ഐപിഎൽ നടത്തുമെന്ന നിലപാടില്ലായിരുന്നു നേരത്തെ ബിസിസിഐ. എന്നാൽ പല സംസ്ഥാന സർക്കാരുകളും ഇതിനെതിരെ രംഗത്തെത്തിയതോടെയാണ് ബിസിസിഐ വഴങ്ങിയത്.

Also Read: ഒടുവില്‍ ബിസിസിഐ വഴങ്ങി, ഐപിഎല്‍ മാറ്റിവച്ചു

മാര്‍ച്ച് 29-നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കേണ്ടിയിരുന്നത്. ഈ സമയത്ത് ഐപിഎല്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടുവെങ്കിലും സംഘാടകര്‍ക്ക് നടത്താനാണ് ആഗ്രഹമെങ്കില്‍ അത് അവരുടെ തീരുമാനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. എല്ലാ കായിക മത്സരങ്ങളും മാറ്റിവയ്ക്കുകയോ കാണികളില്ലാതെയോ നടത്തണമെന്നായിരന്നു കേന്ദ്ര സര്‍ക്കാര്‍ കൊറോണവൈറസിനെക്കുറിച്ച് ഇറക്കിയ നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook