സെഞ്ചൂറിയൻ ടെസ്റ്റിലും ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. പരമ്പര നഷ്ടപ്പെടാനുളള കാരണം ഇന്ത്യയുടെ ടീം സെലക്ഷനിലെ അപാകതയെന്നായിരുന്നു പ്രധാന വിമർശനം. അജിങ്ക്യ രഹാനെ രണ്ടു ടെസ്റ്റ് മൽസരങ്ങളിൽ ഉൾപ്പെടുത്താതിരുന്നതും ഭുവനേശ്വർ കുമാറിനെ രണ്ടാം ടെസ്റ്റിൽനിന്നും ഒഴിവാക്കിയ വിരാട് കോഹ്ലിയുടെ തീരുമാനത്തെ പലരും വിമർശിച്ചിരുന്നു. ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടാനുളള കാരണത്തെക്കുറിച്ച് ഇന്ത്യൻ മുൻ നായകൻ എം.എസ്.ധോണിയോട് ചോദിച്ചപ്പോൾ തോൽവിയെക്കുറിച്ച് സംസാരിക്കാതെ ടീമിന്റെ പോസിറ്റീവ് വശത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു മറുപടി.
ചെന്നൈയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ധോണിയോട് ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായതിനെക്കുറിച്ച് ചോദിച്ചത്. ”എനിക്ക് ഇതിന് മറുപടി നൽകാൻ താൽപര്യമില്ല. പക്ഷേ ടീമിന്റെ പോസിറ്റീവ് വശങ്ങളെക്കുറിച്ച് പറയാതിരിക്കാനാവില്ല. ഒരു ടെസ്റ്റ് മൽസരം വിജയിക്കണമെങ്കിൽ 20 വിക്കറ്റ് നേടണം. നമ്മൾ 20 വിക്കറ്റ് നേടി. അതാണ് വലിയ പോസിറ്റീവ്. 20 വിക്കറ്റ് നേടിയില്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ടെസ്റ്റ് മൽസരം വിജയിക്കാനാവില്ല. നമ്മൾ 20 വിക്കറ്റ് നേടി, അതിനർത്ഥം മൽസരം നിങ്ങൾക്ക് വിജയിക്കാനാവുമെന്നാണ്. നിങ്ങൾ റൺസ് കൂടി നേടിയാൽ നിങ്ങൾ വിജയത്തിന്റെ അരികത്തായി”.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന, ടി ട്വന്റി ടീമിൽ ധോണിയുണ്ട്.