ബാറ്റ്സ്മാനായും വിക്കറ്റ് കീപ്പറായും മഹേന്ദ്ര സിങ് ധോണിയെ ആരാധകർ കണ്ടിട്ടുണ്ട്. പക്ഷേ ഒരു ബോളറായി ധോണിയെ കാണാൻ അധികം അവസരം ലഭിച്ചിട്ടില്ല. ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും മികവ് കാട്ടിയ ധോണി ബോളിങ്ങിലും ഇന്ത്യൻ താരങ്ങൾക്കു മുന്നിൽ മികവു കാട്ടിയിരിക്കുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ 5-ാം ഏകദിനത്തിനു മുന്നോടിയായി നടന്ന പരിശീലനത്തിലാണ് ധോണി ബോളറായത്. നെറ്റ്സിൽ ഇന്ത്യൻ താരങ്ങൾക്ക് മുന്നിൽ ലെഗ്‌ സ്‌പിന്നറായി ധോണി എത്തി. ബിസിസിഐ ഇതിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിക്കറ്റ് കീപ്പിങ്ങിൽ റെക്കോർഡുകൾ കൈയ്യിലുളള ധോണിക്ക് ഏകദിന ക്രിക്കറ്റിൽ ഒരു വിക്കറ്റും സ്വന്തം പേരിലുണ്ട്. 2009 ൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മൽസരത്തിലാണ് ധോണി വിക്കറ്റ് നേടിയത്. 14 റൺസെടുത്ത ട്രാവിസ് ഡോവ്‌ലിനെയാണ് ധോണി വീഴ്ത്തിയത്.

പോർട്ട് എലിസബത്തിലെ സെന്റ് ജോർജ് പാർക്കിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക 5-ാം ഏകദിനം. ഇന്നത്തെ മൽസരം ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര നേടാം. 6 ഏകദിന മൽസരങ്ങളുളള പരമ്പരയിൽ 3-1 ന് ഇന്ത്യയാണ് മുന്നിൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ