ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരകള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിനും ഓപ്പണര്‍ ശിഖര്‍ ധവാനും മുന്നറിയിപ്പുമായി ഇതിഹാസ താരം വിവിഎസ് ലക്ഷ്മണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത്തിനൊപ്പം ധവാന് തന്നെ ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യണമോ എന്നതില്‍ ടീം മാനേജ്മെന്റ് ധാരണയിലെത്തണമെന്നാണ് ലക്ഷ്മണ് പറയുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ എല്ലാ കണ്ണുകളും ധവാനിലായിരിക്കുമെന്നും വേഗത്തില്‍ തന്നെ ധവാന്റെ കാര്യത്തിലൊരു തീരുമാനം എടുക്കേണ്ടതുണ്ടെന്നും ലക്ഷ്മണ് പറഞ്ഞു. അതേസമയം, കുറ്റനടികള്ക്കും രോഹിത്തിനൊത്ത് മികച്ച തുടക്കം നല്‍കാനും കഴിയുന്ന ഒരുപാട് താരങ്ങള്‍ പുറത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടി20: കനത്ത മഴ, മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു
ധവാന് ഇന്ത്യന്‍ ടീം എത്രനാള്‍ അവസരം നല്‍കുമെന്നത് കണ്ടറിയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോകകപ്പില്‍ നിന്നും പരുക്കിനെ തുടര്‍ന്ന് പുറത്തായ ധവാന് തിരിച്ചു വരവില്‍ ഓര്‍ത്തുവെക്കാവുന്ന പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല. വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ 27 റണ്‍സാണ് ധവാന് ആകെ നേടിയത്.
അതേസമയം, ഇന്ത്യയുടെ ബാറ്റിങ് നിര കരുത്തുറ്റതാണെന്നും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തിരിച്ചു വരവ് പരമ്പരയില്‍ ഇന്ത്യയ്ക്ക് ഗുണമാകുമെന്നും ലക്ഷ്മണ് പറഞ്ഞു.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. കനത്ത മഴയെ തുടര്‍ന്ന് മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. മഴ മൂലം ടോസ് ഇടാന്‍ പോലും സാധിച്ചിരുന്നില്ല. മൊഹാലിയിലാണ് അടുത്ത മത്സരം.