ജൊഹന്നാസ്‌ബർഗ്: വിജയപ്രതീക്ഷയിൽ നിന്ന ഇന്ത്യയ്ക്ക് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഉപേക്ഷിച്ചേക്കും. പിച്ച് കൂടുതൽ അപകടകാരിയായതിനാലാണ് ഇത്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിടെ പിച്ച് കൂടുതൽ ബൗൺസ് വന്നതോടെ മത്സരം തടസപ്പെട്ടു. ഇതിനിടെ മഴയും പെയ്തു. ഇതോടെ മൂന്നാം ദിവസത്തെ കളി അവസാനിപ്പിച്ചു.

രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസ് എടുത്ത് നിൽക്കെയാണ് പിച്ചിനെ സംബന്ധിച്ച ആശങ്ക മുറുകിയത്. ജസ്പ്രീത് ബുമ്ര എറിഞ്ഞ പന്ത് ബൗൺസ് ചെയ്ത് ദക്ഷിണാഫ്രിക്കൻ ഓപ്പണർ എൽഗറിന്റെ ഹെൽമറ്റിൽ കൊണ്ടതാണ് കാരണം. ഇതോടെ പരാതിയുമായി ദക്ഷിണാഫ്രിക്കൻ താരങ്ങൾ അംപയറെ സമീപിച്ചു.

ക്രീസിൽ നിന്നും ചാടി ഉയർന്ന് ബൗൺസർ പ്രതിരോധിക്കാൻ ശ്രമിച്ച എൽഗറിന്റെ കണക്കുകൂട്ടൽ തെറ്റി. പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന പന്ത് ഹെൽമറ്റിൽ കണ്ണിന് നേരെ മുന്നിലാണ് തട്ടിയത്. നിയന്ത്രണം നഷ്ടപ്പെട്ട് എൽഗർ മൈതാനത്ത് വീണു.

ഇതോടെ മത്സരം പിൻവലിക്കുന്ന ചർച്ചകൾ ഉയർന്നു. അംപയർ ഇരു ടീം കോച്ചുമാരും ക്യാപ്റ്റന്മാരും മാനേജ്മെന്റുമായി ഇക്കാര്യം സംസാരിക്കാൻ വേണ്ടി കളി നിർത്തിവച്ചു. ഈ സമയത്താണ് ക്ഷണിക്കാതെ മഴയും കടന്നുവന്നത്. ഇന്നത്തെ മത്സരം ഇതോടെ നേരത്തേ അവസാനിപ്പിച്ചു. അതേസമയം മത്സരം ഉപേക്ഷിക്കുന്ന കാര്യത്തിൽ ചർച്ച നടക്കുകയാണ്. ഇതിൽ അനുകൂല നിലപാടല്ല ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ഉളളത്.

രണ്ടാം ഇന്നിംഗ്സിൽ 247 റണ്ണാണ് ഇന്ത്യ നേടിയത്. രഹാനെ 48 റൺസും വിരാട് കോഹ്ലി 41 റൺസും ഭുവനേശ്വർ കുമാർ 33 റൺസും ഷമി 27 റൺസും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മർക്കാരത്തിന്റെ വിക്കറ്റാണ് തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടത്. നാല് റൺസെടുത്ത മർക്കാരം ഷമിയുടെ പന്തിൽ കീപ്പർ പാർത്ഥിവ് പട്ടേലിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ