ജൊഹന്നാസ്‌ബർഗ്: പന്തിന്റെ ഗതി നിർണ്ണയിക്കാൻ സാധിക്കാത്ത നിലയിൽ അപകടകരമായി പെരുമാറുന്ന വാണ്ടറേർസിലെ പിച്ചിൽ ദക്ഷിണാഫ്രിക്കൻ ബോളിംഗിന് മേൽ ഇന്ത്യക്ക് മേൽക്കൈ. മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ മധ്യനിരയിലെ ബാറ്റ്സ്‌മാന്മാർ മികവു കാട്ടിയപ്പോൾ ഇന്ത്യ ഭേദപ്പെട്ട സ്കോർ നേടി.

രണ്ടാം ഇന്നിംഗ്സിൽ 247 റൺസാണ് ഇന്ത്യ നേടിയത്. ഇതിനിടെ എല്ലാ ബാറ്റ്സ്മാന്മാരും പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 241 റൺസ് നേടണം. ബോളിംഗിന് അനുകൂലമായ വാണ്ടറേർസിലെ പിച്ചിൽ താരതമ്യേന ഉയർന്ന ലക്ഷ്യമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

മധ്യനിരയിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയുമാണ് ഇന്ത്യൻ പ്രതിരോധത്തിന് ശക്തിയേകിയത്. അജിങ്ക്യ രഹാനെ 48 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലി 41 റൺസെടുത്തു. മുഹമ്മദ് ഷമി 27 റൺസെടുത്തപ്പോൾ ഭുവനേശ്വർ കുമാർ 33 റൺസെടുത്ത് പുറത്തായി.

അഞ്ചാം വിക്കറ്റിൽ കോഹ്ലിക്കൊപ്പം 34 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അജിങ്ക്യ രഹാനെ ഏഴാം വിക്കറ്റിൽ ഭുവനേശ്വർ കുമാറിനൊപ്പം 55 റൺസ് ഇന്ത്യൻ സ്കോറിൽ കൂട്ടിച്ചേർത്തു. എട്ടാം വിക്കറ്റിൽ ഭുവനേശ്വറിന് കൂട്ടായെത്തിയ ഷമി ആക്രമിച്ചാണ് ബാറ്റ് വീശിയത്. ഈ കൂട്ടുകെട്ടിൽ പിറന്ന 38 റൺസിൽ 27 ഉം ഷമിയുടാതായിരുന്നു. സ്കോർ 238 ൽ നിൽക്കെ ഷമിയും 240 ൽ നിൽക്കേ ഭുവനേശ്വർ കുമാറും പുറത്തായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ