ജൊഹന്നാസ്ബർഗ്: മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ പേസർമാർക്ക് മുന്നിൽ മുട്ടുകുത്തി ദക്ഷിണാഫ്രിക്ക. ആദ്യ ഇന്നിങ്സിൽ 125 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ടമായി. ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുമ്രയുമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയെ തകർത്തത്. ഭുവി 3 വിക്കറ്റും ബുമ്ര 2 വിക്കറ്റും വീഴ്ത്തി.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 187 റൺസ് മറികടക്കാൻ എത്തിയ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയ്ക്ക് തുടക്കം തന്നെ പാളി. 3-ാം ഓവറിൽ ഭുവനേശ്വർ ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റ് വീഴ്ത്തി. 2 റൺസെടുത്ത മർക്രാമിനെയാണ് ഭുവി മടക്കിയത്. രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 13-ാം ഓവറിൽ എൽഗറിന്റെ (4 റൺസ്) വിക്കറ്റും നഷ്ടമായി. ഭുവനേശ്വറിനായിരുന്നു വിക്കറ്റ്. ഇതോടെ ദക്ഷിണാഫ്രിക്കയുടെ ഓപ്പണിങ് ബാറ്റ്സ്മാന്മാർ രണ്ടക്കം കാണാതെ പവലിയനിലേക്ക് മടങ്ങി.

റബാദയും അംലയും ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി ദക്ഷിണാഫ്രിക്കയുടെ സ്കോർനില ഉയർത്താൻ ശ്രമിച്ചു. എന്നാൽ ഈ കൂട്ടുകെട്ടിനെ ഇശാന്ത് ശർമ്മ പൊളിച്ചു. 30 റൺസെടുത്ത റബാദയെ ഇശാന്ത് മടക്കി. ഇതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. റബാദ പുറത്തായെങ്കിലും ഹാഷിം അംല ഇന്ത്യൻ പേസർമാർക്ക് മുന്നിൽ പിടിച്ചുനിന്നു. അംല അർധസെഞ്ചുറിയും നേടി. റബാദയ്ക്ക്ശേഷം എത്തിയ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാർ ആരുംതന്നെ രണ്ടക്കം കണ്ടില്ല. ഡിവില്ലിയേഴ്സ് (5), ഡു പ്ലെസിസ് (8), ഡികോക്ക് (8) എന്നിവരുടെ വിക്കറ്റുകളാണ് വീണത്. 54 ഓവർ പിന്നിടുമ്പോൾ ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook