കേപ് ടൗൺ: ആദ്യ ടെസ്റ്റിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് ഭുവനേശ്വർ കുമാർ. ദക്ഷിണാഫ്രിക്കയുടെ മൂന്ന് മുൻനിര ബാറ്റ്സ്മാന്മാരെയാണ് ഭുവി തന്റെ തീപാറുന്ന പന്തുകളിലൂടെ തുടക്കത്തിൽ തന്നെ മടക്കിയത്. ഓപ്പണർമാരായ എൽഗറിനെയും അംലയെയും മർക്കാരയെയുമാണ് ഭുവി മടക്കിയത്.

ദക്ഷിണാഫ്രിക്ക അക്കൗണ്ട് തുറക്കും മുൻപ് തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഭുവനേശ്വർ കുമാർ ആദ്യ ഓവറിലെ മൂന്നാം പന്തിൽ എൽഗറിനെ കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിച്ചു. മൂന്നാം ഓവറിലെ അവസാന പന്തിൽ മർക്കാരത്തെ വിക്കറ്റിന് മുന്നിൽ കുരുക്കിയാണ് ഭുവി ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചത്. പിന്നാലെ അംലയെ സ്ലിപ്പിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കൈകളിലേക്കും എത്തിച്ചു.

ഡുപ്ലെസിസും എബി ഡിവില്ലിയേർസുമാണ് ക്രീസിൽ. ഒടുവിൽ വിവരം കിട്ടുമ്പോൾ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 13 റൺസ് എടുത്തിട്ടുണ്ട്.

ആദ്യ ടെസ്റ്റ് പരമ്പര വിജയം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യൻ സംഘത്തിൽ ജസ്പ്രീത് ബുമ്ര അരങ്ങേറ്റം കുറിച്ചു. അജിങ്ക്യ രഹാനെ കാഴ്ചക്കാരനായി പുറത്തിരിക്കും. അഞ്ച് ബോളർമാരുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. ബോളിംഗിന് അനുകൂലമായ പിച്ചിൽ ഉയർന്ന സ്കോറിലൂടെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിട്ടത്. എന്നാൽ ഈ ലക്ഷ്യത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി കിട്ടി.

ബോളിങ്ങിന് അനുകൂലമായ പിച്ചിൽ ബുമ്രയ്ക്ക് പുറമേ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഹർദ്ദിക് പാണ്ഡ്യ എന്നിവർ ഇന്ത്യയുടെ ആക്രമണത്തിന് മൂർച്ചയേകും. രവിചന്ദ്ര അശ്വിനും ടീമിലിടമുണ്ട്. അതേസമയം ഹർദ്ദിക് പാണ്ഡ്യ വരികയാണെങ്കിൽ സ്ഥാനം നഷ്ടമാകുമെന്ന് കരുതിയിരുന്ന രോഹിത് ശർമ്മ ടീമിൽ ഇടംപിടിച്ചു.

അതേസമയം പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഡെയ്ൽ സ്റ്റെയ്ൻ ദക്ഷിണാഫ്രിക്കൻ നിരയിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook