ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ ജയപ്രതീക്ഷയെ നിഷ്കരുണം തല്ലിക്കെടുത്തി ഭുവനേശ്വർ കുമാർ. ഭുവിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഇന്ത്യ ആദ്യ ടി20യിൽ ആധികാരിക വിജയവും സ്വന്തമാക്കി.  28 റൺസിനാണ് ഇന്ത്യ ആദ്യ ടി20 മത്സരം വിജയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടി.  കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറിൽ 175 റൺസെടുക്കാനേ സാധിച്ചുളളൂ. മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. 48 റൺസ് എടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി.

ഓപ്പണർ സ്‌മുട്ടിനെ ധവാന്റെ കൈകളിൽ എത്തിച്ച് ഭുവനേശ്വർ കുമാറാണ് ഇന്ത്യൻ ആക്രമണം തുടങ്ങിയത്. പിന്നാലെ വന്ന ദക്ഷിണാഫ്രിക്കൻ നായകൻ ജെപി ഡുമിനിയെ ഭുവിയുടെ പന്തിൽ സുരേഷ് റെയ്ന പിടിച്ചുപുറത്താക്കി. സ്മുട്ട് 14 ഉം ഡുമിനി മൂന്നും റൺസെടുത്തപ്പോൾ ഡേവിഡ് മില്ലർ ഒൻപത് റൺസ് മാത്രമെടുത്ത് ഹർദ്ദിക് പാണ്ഡ്യയുടെ പന്തിൽ ധവാന് ക്യാച്ച് നൽകി മടങ്ങി.

പിന്നാലെ റീസ ഹെൻഡ്രികും ഫർഹാനും ചേർന്നുളള നാലാം വിക്കറ്റ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്ക്ക് ജയപ്രതീക്ഷ സമ്മാനിച്ചു.  എന്നാൽ യുസ്‌വേന്ദ്ര ചഹാൽ ഫർഹാനെ മടക്കി കൂട്ടുകെട്ട് പൊളിച്ചു. 129 ലാണ് നാലാം വിക്കറ്റ് വീണത്.

18ാം ഓവറിൽ ഭുവനേശ്വർ കുമാറിന്റെ പന്തിൽ നാല് വിക്കറ്റുകളാണ് വീണത്. ഹെൻഡ്രിക്, ക്ലാസൻ, ക്രിസ് മോറിസ് എന്നിവരുടെ വിക്കറ്റുകളാണ് ഭുവനേശ്വർ കുമാർ വീഴ്ത്തിയത്. പീറ്റേഴ്സൺ ഇതേ ഓവറിൽ റണ്ണൗട്ടായി. നാല് ഓവറിൽ 24 റൺസ് വഴങ്ങിയാണ് ഭുവി അഞ്ച് വിക്കറ്റ് നേടിയത്. ഇതിൽ പത്ത് പന്തുകളിൽ എതിരാളികൾ റൺസെടുത്തില്ല.

ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ആദ്യ ഓവറുകളിൽ തന്നെ ലഭിച്ചത്. രണ്ട് സിക്സും രണ്ട് ഫോറും അടക്കം 9 പന്തിൽ 21 റൺസ് നേടിയ രോഹിത് ശർമ്മയെ കൂടുതൽ അപകടകാരിയാകും മുൻപ് ജൂനിയർ ഡാല, ഹെൻറിച്ച് ക്ലാസന്റെ കൈയ്യിലെത്തിച്ചു. എന്നാൽ മറുവശത്ത് ധവാനും ഈ സമയത്ത് ആക്രമിച്ചാണ് ബാറ്റ് വീശിയത്.

രോഹിത്തിന് പിന്നാലെ മൂന്നാമനായി ക്രീസിലെത്തിയ സുരേഷ് റെയ്‌ന ഏഴ് പന്തിൽ 15 റൺസാണ് നേടിയത്. രണ്ട് ഫോറുകളും ഒരു സിക്സും നേടിയ റെയ്നയെ സ്വന്തം പന്തിൽ ജൂനിയർ ഡാല പിടിച്ചുപുറത്താക്കി. കോഹ്ലിയും ധവാനും മൂന്നാം വിക്കറ്റിൽ 50 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.

എന്നാൽ കോഹ്ലിയെ വിക്കറ്റിന് മുന്നിൽ കുരുക്കി തബ്രൈസ് ഷംസി ദക്ഷിണാഫ്രിക്കയ്ക്ക് ശ്വാസം നൽകി. 20 പന്തിൽ 26 റൺസാണ് കോഹ്ലി നേടിയത്. മനീഷ് പാണ്ഡെയാണ് ശിഖർ ധവാന് കൂട്ടായി പിന്നീട് ക്രീസിലെത്തിയത്. ഇരുവരും ചേർന്ന് 47 റൺസ് ഇന്ത്യൻ സ്കോർബോർഡിൽ കൂട്ടിച്ചേർത്തു.

എന്നാൽ അനാവശ്യ ഷോട്ട് കളിച്ച് ശിഖർ ധവാൻ വിക്കറ്റ് കളഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി. ടീം സ്കോർ 155 ൽ നിൽക്കെയാണ് 39 പന്തിൽ 72 റൺസ് നേടിയ ധവാന്റെ മടക്കം. പത്ത് ഫോറും രണ്ട് സിക്സുമാണ് ധവാൻ നേടിയത്.

അവസാന ഓവറുകളിൽ കാര്യമായ നേട്ടമുണ്ടാക്കാൻ ഇന്ത്യക്ക് സാധിച്ചില്ല. ഹർദ്ദിക് പാണ്ഡ്യയും മനീഷ് പാണ്ഡെയും ചേർന്നുളള കൂട്ടുകെട്ടിന്റെ പോരാട്ടം അവസാന ഓവറുകളിൽ സിംഗിളുകളിൽ ഒതുങ്ങി. എങ്കിലും 203 റൺസിന്റെ ലക്ഷ്യം ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ