കേപ്‌ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ജയത്തിനായി ഇന്ത്യ പൊരുതുന്നു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലാണ്. 28 റൺസ് എടുത്ത വിരാട് കോഹ്‌ലിയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി.

2 വിക്കറ്റ് വീതം വീഴ്ത്തിയ മോണി മോർക്കലും ഫിലാണ്ടറുമാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. സ്കോർ 30ൽ നിൽക്കെ ഇന്ത്യക്ക് ഓപ്പണർമാരെ നഷ്ടമായിരുന്നു. 13 റൺസ് എടുത്ത മുരളി വിജയെ ഫിലാണ്ടറും 16 റൺസ് എടുത്ത ധവാനെ മോർക്കലുമാണ് പുറത്താക്കിയത്. പിന്നാലെ എത്തിയ പൂജാര പെട്ടന്ന് മടങ്ങിയതോടെ ഇന്ത്യ വിറച്ചു. പിന്നീട് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ചേർന്ന് ഇന്ത്യയെ തിരിച്ച് കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ 28 റൺസ് എടുത്ത കോഹ്‌ലിയെ മടക്കി ഫിലാണ്ടർ പ്രതിരോധത്തിലാക്കി.

നേരത്തെ നാലാം ദിനത്തിൽ ശക്തമായ തിരിച്ച് വരവ് നടത്തി ഇന്ത്യൻ പേസർമാരാണ് ടീമിന് ജയപ്രതീക്ഷ നൽകിയത്. 2/65 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക കേവലം 130 റൺസിന് പുറത്തായി. 3 വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും ബുമ്രയുമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.

നാലാം ദിനം 4 റൺസ് എടുത്ത ഹഷീം അംലയുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. മുഹമ്മദ് ഷമിയുടെ പന്ത് ഓഫ്സൈഡിലേക്ക് പായിക്കാൻ ശ്രമിച്ച അംലയുടെ ശ്രമം രോഹിത്ത് ശർമ്മയുടെ കൈകളിലാണ് അവസാനിച്ചത്. തൊട്ടടുത്ത​ ഓവറിൽതന്നെ നൈറ്റ് വാച്ച്മാൻ റബാദയെ മടക്കി ഷമി അടുത്ത പ്രഹരവും ഏൽപ്പിച്ചു. നായകൻ ഫാഫ് ഡുപ്ലിസിയെ സാഹയുടെ കൈകളിൽ എത്തിച്ച് ബുമ്ര ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. പിന്നാലെ വന്ന ഡിക്കോക്കും ബുമ്രയ്ക്ക് മുന്നിൽ കീഴടങ്ങി.

വാലറ്റത്ത് 15 റൺസ് എടുത്ത കേശവ് മഹാരാജുമൊത്ത് രക്ഷാപ്രവർത്തനം നടത്താൻ ഡിവില്ലിയേഴ്സ് ശ്രമിച്ചെങ്കിലും ഇന്ത്യൻ പേസർമാർ വിട്ടില്ല. മഹാരാജിനെയും, മോർക്കലിനെയും വീഴ്തത്തി ഭുവനേശ്വർ കുമാർ വാലറ്റത്തെ തകർത്തു. 35 റൺസ് എടുത്ത് പ്രതിരോധിക്കാൻ ശ്രമിച്ച ഡിവില്ലിയേഴ്സിനെ ഭുവനേശ്വറിന്റെ കൈകളിൽ എത്തിച്ച് ബുമ്ര ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന് തീരശീല ഇട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ