കളിക്കളത്തിലെ വിരാട് കോഹ്‌ലിയുടെ പെരുമാറ്റത്തെക്കുറിച്ച് പല താരങ്ങളും അഭിപ്രായപ്പെട്ടിട്ടുണ്ട്. കോഹ്‌ലിയുടെ ആക്രമണ ശൈലി ചില സമയത്ത് വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കോഹ്‌ലിയുടെ ആക്രമണോത്സുകതയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം ജാക്വസ് കാലിസ്. കോഹ്‌ലിയുടെ ആക്രണ ശൈലി കോഹ്‌ലിക്ക് ഗുണകരമാകുമെന്നും ടീമിന് ഗുണം ചെയ്യില്ലെന്നുമാണ് കാലിസിന്റെ അഭിപ്രായം.

”കോഹ്‌ലിയുടേത് ആക്രമണ ശൈലിയാണ്. അത് കളിയിൽ ഗുണം ചെയ്യും. ഈ ശൈലി കോഹ്‌ലിയുടെ പ്രകടനത്തെ തുണയ്ക്കും. പക്ഷേ അത് ടീമിന്റെ നേട്ടത്തിന് ഗുണകരമാകുന്നുണ്ടോയെന്ന് കോഹ്‌ലി നോക്കണം. കോഹ്‌ലി തന്റെ ആക്രമണ ശൈലി കുറച്ചാൽ അത് തീർച്ചയായും കോഹ്‌ലിയുടെ വ്യക്തിഗത നേട്ടത്തിന് ഗുണം ചെയ്യും. കോഹ്‌ലിക്ക് ഇപ്പോഴത്തെക്കാൾ മികച്ച പ്രകടനം പുറത്തെടുക്കാനാവും. കോഹ്‌ലി തന്റെ സ്വഭാവത്തിൽ ഒരുപാട് മാറ്റമൊന്നും വരുത്തേണ്ട. കുറച്ച് മാറിയാൽ നല്ലതാണ്. കോഹ്‌ലിയുടെ ആക്രമണ ശൈലി അദ്ദേഹത്തിന്റെ ബാറ്റിങ്ങിനാണ് ഗുണം ചെയ്യാറുളളത്” കാലിസ് പറഞ്ഞു.

”ഒരു ക്യാപ്റ്റൻ ആയിരിക്കുമ്പോൾ എപ്പോഴും ആക്രമണ ശൈലി കാട്ടരുത്. അതാണ് കോഹ്‌ലിക്ക് മനസ്സിലാകാത്തത്. ക്യാപ്റ്റൻ എന്ന നിലയിൽ കോഹ്‌ലി ഇപ്പോഴും ചെറുപ്പമാണ്. കുറച്ചു പ്രായം കൂടി കഴിയുമ്പോൾ കോഹ്‌ലി അതിൽനിന്നും മാറുമെന്ന് എനിക്ക് ഉറപ്പാണ്. ക്രിക്കറ്റിൽ വളരെ പാഷനേറ്റ് ആണ് കോഹ്‌ലി. അത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്” കാലിസ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

വിരാട് കോഹ്‌ലിയുടെ നായകത്വത്തിൽ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ ടീം ചരിത്രം കുറിച്ചിരുന്നു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യമായി ഏകദിന പരമ്പര നേടിയാണ് കോഹ്‌ലി ചരിത്രം കുറിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ