ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഹീറോയായ കേശവ് മഹാരാജ് മൂന്നാം ടെസ്റ്റിനുണ്ടാകില്ല. തോളിന് പരുക്കേറ്റതോടെ താരത്തെ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. കേശവിന്റെ അഭാവം ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നുറപ്പാണ്.
പൂനെ ടെസ്റ്റിന്റെ രണ്ടാം ദിനം ഫീല്‍ഡിങ്ങിനിടെയായിരുന്നു താരത്തിന് പരുക്കേറ്റത്. എന്നാല്‍ പരുക്ക് വകവെയ്ക്കാതെ താരം രണ്ട് ഇന്നിങ്‌സിലും ബാറ്റ് ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ താരം തന്റെ കന്നി ടെസ്റ്റ് അര്‍ധ സെഞ്ചുറിയും നേടിയിരുന്നു. പരുക്ക് മാറാന്‍ രണ്ടാഴ്ച വേണ്ടി വരുമെന്നാണ് കണക്ക് കൂട്ടുന്നത്.
കേശവിന് പകരം ഇടങ്കയ്യന്‍ സ്പിന്നര്‍ ജോര്‍ജ് ലിന്‍ഡെയെ ടീമില്‍ എടുത്തതായി ദക്ഷിണാഫ്രക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഇന്നിങ്സിനും 137 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ഒന്നാം ഇന്നിങ്സില്‍ 275 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഫോളോ ഓണിന് അയക്കുകയായിരുന്നു. 326 റണ്‍സായിരുന്നു ഇന്ത്യയുടെ ലീഡ്.
എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 189 ല്‍ അവസാനിച്ചു. ഇന്നും വാലറ്റത്ത് കേശവ് മഹാരാജും വെര്‍നന്‍ ഫിലാന്‍ഡറും ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കൂട്ടുകെട്ട് അധികനേരം നീണ്ടു നിന്നില്ല. ഇതോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് സ്വന്തമാക്കി.
ഒന്നര ദിവസം ബാക്കി നില്‍ക്കെയാണ് ഇന്ത്യയുടെ വിജയം. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിന് അയക്കുന്നത് എന്നതും പ്രോട്ടിയാസിന്റെ പരാജയഭാരം കൂട്ടുന്നു. മൂന്നാം ടെസ്റ്റ് റാഞ്ചിയില്‍ 19 നാണ് ആരംഭിക്കുക.