Latest News

സ്‌പിന്നർമാർ നയിച്ചു, രണ്ടാം ഏകദിനത്തിലും ഇന്ത്യയുടെ തേരോട്ടം

ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യൻ സ്പിന്നർമാർ

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 9 വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക സമ്മാനിച്ച 119 റൺസ് വിജയലക്ഷ്യം ഇന്ത്യ 9 വിക്കറ്റ് ശേഷിക്കെ മറികടക്കുകയായിരുന്നു. 5 വിക്കറ്റ് വീഴ്ത്തിയ യുഷ്‌വേന്ദ്ര ചാഹലാണ് കളിയിലെ താരം.

ദക്ഷിണാഫ്രിക്ക ഉയർത്തി 119 റൺസ് വിജയലക്ഷ്യം അനായാസമാണ് ഇന്ത്യ മറികടന്നത്. 15 റൺസ് എടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും അർധ സെഞ്ചുറി നേടിയ ശിഖർ ധവാനും വിരാട് കോഹ്‌ലിയും ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. 56 പന്തിൽ 9 ഫോറുകൾ ഉൾപ്പടെ 51 റൺസാണ് ധവാൻ നേടിയത്. 50 പന്തിൽ 4 ഫോറും 1 സിക്സറും അടക്കം 46 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. ജയത്തോടെ 6 മത്സരങ്ങളുളള പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിൽ എത്തി.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത വിരാട് കോഹ്‌ലിയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ കാഴ്ചവെച്ചത്. 5 വിക്കറ്റ് വീഴ്ത്തിയ യുഷ്‌വേന്ദ്ര ചഹലും 3 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവുമാണ് ദക്ഷിണാഫ്രിക്കയെ 118 റൺസിന് പുറത്താക്കിയത്.

വിരലിന് പരുക്കേറ്റ ഫാഫ് ഡുപ്ലിസിക്ക് പകരം എയ്ഡൻ മർക്രമാണ് ദക്ഷിണാഫ്രിക്കയെ നയിച്ചത്. ഇന്ത്യൻ പേസർമാരെ കരുതലോടെ നേരിട്ട അംലയും ഡിക്കോക്കും പതിയെയാണ് തുടങ്ങിയത്. എന്നാൽ സ്കോർ 39ൽ നിൽക്കെ ഹഷീം അലയെ വീഴ്ത്തി ഭുവനേശ്വർ കുമാർ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു.

ഇന്ത്യൻ സ്പിന്നർമാർ പന്തെടുത്തതോടെ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു. 20 റൺസ് എടുത്ത ക്വിന്റൺ ഡിക്കോക്കിനെ പാണ്ഡ്യയുടെ കൈകളിൽ എത്തിച്ച് ചഹൽ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം പ്രഹരം നൽകി. 8 റൺസ് എടുത്ത മർക്രാമിനെയും അക്കൗണ്ട് തുറക്കുന്നതിന് മുൻപ് ഡേവിഡ് മില്ലറെയെയും വീഴ്ത്തി കുൽദീപ് യാദവ് ദക്ഷിണാഫ്രിക്കയുടെ മധ്യനിരയെ തകർത്തു.

25 റൺസ് വീതം എടുത്ത് ജെപി ഡുമിനിയും കയാ സോൺഡോയും ദക്ഷിണാഫ്രിക്കയെ കരകയറ്റാൻ നോക്കിയെങ്കിലും ഇന്ത്യൻ സ്പിന്നർമാർ അനുവദിച്ചില്ല. ചാഹലിനെ അതിർത്തി കടത്താൻ ശ്രമിച്ച സോണ്ടോ പാണ്ഡ്യയുടെ ക്യാച്ചിൽ പുറത്തായപ്പോൾ ഡുമിനി വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. പൊരുതാൻ പോലും അനുവധിക്കാതെ വാലറ്റവും കീഴടങ്ങിയതോടെ കേവലം 32.2 ഓവറിൽ ദക്ഷിണാഫ്രിക്ക 118 റൺസിന് പുറത്താവുകയാവുകയായിരുന്നു.

8.2 ഓവറിൽ 22 റൺസ് വഴങ്ങിയാണ് ചാഹൽ 5 വിക്കറ്റ് വീഴ്ത്തിയത്. 6 ഓവറിൽ 20 റൺസ് വിട്ടുകൊടുത്താണ് കുൽദീപ് 3 വിക്കറ്റ് വീഴ്ത്തിയത്. ജസ്പ്രീത് ബൂംറയും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs south africa india vs south africa 2nd odi india win

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express